Sunday, May 23, 1982

വിധി

 

അമ്പഴയ്ക്കാട്ട് ശങ്കരൻ

വട്ടത്താടി വെച്ച ഒരു കുറിയ മനുഷ്യനെ കാലൻ ചിത്രഗുപ്തന്റെ മുന്നിൽ ഹാജരാക്കി.

“പേരെന്താണ്‌?”

“അബ്ദു”

ചിതലുതിന്ന പുസ്തകത്തിൽ ഈ ദ്വയാക്ഷരിയുടെ നാമം കാണാതെ ചിത്രഗുപ്തൻ കുഴങ്ങി

“ജന്മദേശം കേരളം. സ്ഥിരതാമസം മദ്ധേന്ത്യയുടെ പടിഞ്ഞാറെ തീരത്തും അല്ലെ?”

“അതെ”

“കാലാ.... നീ ഓർക്കുന്നില്ലേ. പണ്ടൊരിക്കൽ ഒരു പയ്യനെ..?”

“നന്നായി ഓർക്കുന്നു, ഭഗവൻ”

ക്രൂരതയുടെ മൂർത്തിഭാവമായ കാലന്റെ മുഖത്ത് ദു:ഖത്തിന്റെ നിഴലാട്ടം. ആ കറുത്ത ദിനങ്ങളിൽ തനിക്ക് പിടിപ്പത് ജോലിയുണ്ടായിരുന്നത് കാലൻ വേദനയോടെ ഓർത്തു.

“എന്താണ്‌ പോന്നത്?”

“ഇദ്ദേഹമാണ്‌ എന്നെ രക്ഷിച്ചത്.”

കാലനെ ചൂണ്ടിക്കൊണ്ട് അബ്ദു പറഞ്ഞു.

“ഒരു ദയാപരമായ കൊല. അല്ലാതെന്ത് ചെയ്യാൻ! അത്രക്കവശനായിരുന്നു ഇദ്ദേഹം. മണ്ണിന്റെ മക്കളുടെ അക്രമം വളരെ ക്രൂരമായിരുന്നു.”

കാലൻ വിശദീകരിച്ചു.

“പോയ്ക്കോളു. എന്താണ്‌ വിധിക്കേണ്ടതെന്ന് നാം നിശ്ചയിച്ചറിയിക്കാം.”

“കാലാ... ഇനി എത്രപേരുണ്ട്?”

“പതിനഞ്ചോളം പേർ കാണും ഭഗവൻ”

“നീ കൊണ്ടു വന്നതാണോ? അതോ...”

“കൊണ്ടുവന്നതല്ല ഭഗവൻ. ആത്മഹത്യയാണ്‌. ജഡം മാത്രമാണെനിക്ക് കിട്ടിയത്. അഞ്ചു പേർ സ്ത്രീകളാന്‌. ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെപ്പറ്റി ആരോ പാടിയിട്ടില്ലേ ഭഗവൻ. ഇതിൽ മൂന്നുപേരെ ഭാരതത്തിലെ നിയമപാലകർ ബലാത്ക്കാരം ചെയ്തു. അപമാനഭാരം അവരെ ഇവിടെ കൊണ്ടെത്തിച്ചു.“

”മറ്റു രണ്ടു പേരോ?“

”അവർ സ്ത്രീധനത്തിന്റെ ബലിയാടുകളാണ്‌. ഭർത്താവിന്റെ മാതാപിതാക്കൾ അവരെ കൊല്ലാതെ കൊന്നുവത്രെ! പിന്നെ അടിയനെ അഭയം പ്രാപിക്കാതെ എന്തുചെയ്യും“

”പുരുഷന്മാരുടെ ഊഴം കഴിയട്ടെ. അടുത്തയാളെ വിളിക്ക്“

”എന്താണ്‌ പേര്‌?“

”പേരില്ല ഭഗവൻ. നമ്പറാണ്‌“

”എവിടെ നിന്നാണ്‌?“

”ഭഗത്പൂരിൽ നിന്ന്‌“

”നമ്പറെന്താണ്‌?“

”തൊള്ളായിരത്തി എൺപത്തിയൊന്ന്“

”എന്തേ പോന്നത്“

”ആസിഡ് ഒഴിച്ച് ഞങ്ങൾ എമ്പത്തിയേഴ് പേരുടെ കണ്ണുകൾ നശിപ്പിച്ചു കളഞ്ഞു. മറ്റുള്ളവർ വേണ്ട ചികിത്സ കിട്ടാതെ നരകിച്ചു കഴിയുകയാണ്‌. വിഡ്ഢികൾ!“

”ഭഗവൻ“

”എന്താണ്‌ കാലാ?“

”ഇവിടത്തെ സെല്ലുകളിൽ അതൊന്ന് പരീക്ഷിച്ചാൽ എന്തെന്ന് ഞാൻ ആലോചിക്കുകയായിരുന്നു.“

ചിത്രഗുപ്തന്റെ നരച്ച കണ്ണുകളുടെ തറച്ച നോട്ടം നേരിടാനാവാതെ കാലൻ മുഖം കുനിച്ചു. തന്നെ തളർത്തിയ വികാരത്തിന്റെ അലകൾ മനസ്സിന്റെ ഒരു കോണിൽ ഒളിപ്പിച്ചുകൊണ്ട്, തന്റെ കടമ മനസ്സിൽ ഊട്ടിയുറപ്പിച്ച്, പൂർവ്വാധികം ഉത്സാഹത്തോടെ ചിത്രഗുപ്തൻ തന്റെ ജോലി തുടർന്നു.

*

No comments:

Post a Comment