Wednesday, December 27, 2017

 
കഥ
 
ഹിന്ദോളം




ഇന്ന് ഒക്ടോബർ മുപ്പത് ചൊവ്വാഴ്ച. തലസ്ഥാനത്ത് കരോൾ ബാഗിൽ ഗുരുദ്വാര റോഡിലെ ത്രിനില കെട്ടിടത്തിന്റ് ബർസാത്തിയിൽ, ശിതകാലത്തിന്റെ വരവറിയിച്ച്, തണുത്ത് കാറ്റ് വീശിതുടങ്ങിയിരുന്നു. സായാഹ്നമായിരിക്കുന്നു. ക്ലാസ്സ് കഴിഞ്ഞ് വന്ന്, ചുടുചായ നുണഞ്ഞ്, നാലുകെട്ടിന്റെ ശൈലിയിൽ പണിത പഴയ കേട്ടിടത്തിന്റെ ആഴമുള്ള നടുമുറ്റത്തേക്ക് നോക്കി. ഷർട്ടിടാതെ കാലുറ ധരിച്ച്, നടുമുറ്റത്തെ നിഴലിന്റെ ചലനങ്ങൾ നോക്കി, മുകളിൽ നിന്ന് ആരാണ്‌ സുന്ദരികളായ തന്റെ പെൺ മക്കളെ നോക്കുന്നതെന്ന് അറിയാവുന്ന മദ്ധ്യ വയസ്കന്റെ വിഹ്വലതയുടെ മുഖം ഇന്ന് കാണുന്നില്ല.

“ലാന്റ് ലോഡ് വാടക ചോദിക്കാൻ വന്നിരുന്നു.”. മുറിയിൽ നിന്ന് മൂർത്തിയുടെ ശബ്ദം.

മഖൻ സിങ്ങ് ഗുരുദ്വ്വാര റോഡിലെ ഭൂരിഭാഗം വാടക കെട്ടിടങ്ങളുടെ ഉടമയാണ്‌. താടിയും നീണ്ട മുടിയും ഇല്ലാത്ത അപൂർവം സിക്കുകളിലൊരാൾ.

“ഒന്നാന്ത്യെ വരാറൂള്ളു. ഇന്നെന്ത് പറ്റി?”

“അറിയില്ല”

- ഇത് മൂർത്തി. പാർട്ടി ഓഫീസിലെ പാലക്കാട്ടുകാരൻ കൃഷ്ണേട്ടന്റെ സുഹൃത്താണ്‌.

രാമുവേട്ടനാണ്‌ ആദ്യമായി മുർത്തിയെ പരിചയെപ്പെടുത്തുന്നത്. മൂർത്തിയെന്ന് കേട്ടപ്പോൾ ഒന്നാം തരം പാലക്കാടൻ പട്ടരാണെന്നാണ്‌ കരുതിയത്. അടുത്ത് പരിചയപ്പെട്ടപ്പോഴാണ്‌ അത് വീട്ടുപേരിന്റെ ആദ്യക്ഷരങ്ങളാണെന്ന് അറിഞ്ഞത്. മുർത്തി ബറോഡാ യൂണിവേർസിറ്റിയിൽ നിന്നും ഫൈൻ ആർട്ട്സിൽ നാലു വർഷത്തെ ബിരുദം നേടി തലസ്ഥാനത്ത് ജോലി തേടി വന്നതാണ്‌. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്സിൽ താല്ക്കാലിക ജോലി. ചിത്രരചനയിൽ, പ്രത്യേകിച്ച്, ഓയിൽ പെയിന്റിങ്ങിൽ വിദഗ്ധൻ.

കൃഷ്ണേട്ടനാണെങ്കിൽ പാലക്കാട്ട് ദേശാഭിമാനി പത്രം സൈക്കിളിൽ വിറ്റ് അധികവരുമാനം ഉണ്ടാക്കിയിരുന്ന അദ്ധ്വാനി. അതിരാവിലെ പാത്രം, പകൽ കൃഷി, വൈകുന്നേരങ്ങളിൽ പാർട്ടി പ്രവർത്തനം. നേതാക്കന്മാരോടുള്ള ആരാധന മൂത്ത് ഒരു ജില്ലാ കമ്മിറ്റിയുടെ കത്തുമായി എ കെ ജി ഭവനിൽ കുടിയേറിയ പ്രതിജ്ഞാബദ്ധൻ.

- തനിക്ക് ഇ എം എസ്സിനേയും, ബസുവിനേയും, സുർജിത്തിനേയും നേരിട്ട് കാണണൊ

ഒരിക്കൽ കൃഷ്ണേട്ടൻ ചോദിച്ചു. ബഹുമാനമല്ലാതെ ആരാധന ആരോടും ഒരു കാലത്തും ഉണ്ടായിരുന്നില്ല. പ്രസംഗവേദികളിലല്ലാതെ ഇവരാരെയും അടുത്ത് കണ്ടിട്ടില്ല. യൗവനത്തിന്റെ കൗതുകം സമ്മതം മൂളി.

ക്ലാസ്സ് കഴിഞ്ഞ് വരുന്ന വഴി എ കെ ജി ഭവനിൽ കേറി. കുശലം കഴിഞ്ഞ് കൃഷ്ണേട്ടൻ ഗൈഡഡ് ടൂർ നടത്തി. ജനറൽ സെക്രട്ടറി ഇ എം എസ്സിന്റെ മുറിയുടെ മുൻപിലെത്തിയപ്പോൾ കൃഷ്ണേട്ടന്റെ മുഖത്തേക്ക് നോക്കി.

- ഇ എം സ്സും, ജ്യോതി ബസു ഒന്നും ഇവിടെ ല്യാടൊ. സുർജിത് ണ്ട്.

സുർജിത്തിന്റെ മുറിയുടെ മുമ്പിലെത്തിയപ്പോൾ കൃഷ്ണേട്ടൻ പറഞ്ഞു.

കതകിൽ തട്ടാതെ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ കൃഷ്ണേട്ടൻ തള്ളി തുറന്നു. കസേരയിൽ കുനിഞ്ഞിരുന്ന് എന്തൊ എഴുതികൊണ്ടിരുന്ന സുർജിത് മുഖം ഉയർത്തി നോക്കി. കൃഷ്ണേട്ടൻ ആയതുകൊണ്ട് സുർജിത്തിന്റെ മുഖത്ത് നീരസം വിരിഞ്ഞില്ല.

- കേരൾ സെ ആയ ഹെ. കോമ്രേഡ് ഫ്രം ട്രിചുർ.

കൃഷ്ണേട്ടൻ സുർജിത്തിന്‌ പരിചയപ്പെടുത്തി.

- ഓ. നമ്പീശൻ കൊ മാലും ഹെ

 കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് സുർജിത് ചോദിച്ചു. കർഷക സംഘത്തിന്റെ ചാർജുള്ള എ എസ് എൻ നമ്പീശനെ സുർജിത്തിന്‌ പെട്ടെന്ന് ഓർമ വന്നിരിക്കും. 

- അഛാ തരഹ്.

വാമൊഴി ഹിന്ദി വഴങ്ങാത്തതുകൊണ്ട് വർത്തമാനം ഉടഞ്ഞുപോയി. സുർജിത്ത് എഴുത്തിലേക്കും തിരിഞ്ഞു.

“മാവലങ്കാർ ഓഡിറ്റോറിയത്തിൽ മഹാരാജപുരത്തിന്റെ കച്ചേരിണ്ട്. പോയാലോ?”

മൂർത്തി ചോദിക്കുന്നു.

ചൊവ്വാഴ്ച എന്ത് കച്ചേരി എന്ന് ചോദിക്കുന്നതിനുമുൻപ് മറുപടി വന്നു.

“ഒരാഴച്ചത്തെ സംഗീതോത്സവം. ഇന്നൊന്ന് പോയി വന്നാലോ? സർക്കാർ പരിപാടി ആയത് കൊണ്ട് ടിക്കറ്റിന്‌ വലിയ കാശ് വേണ്ടാന്നാ തോന്നണെ.”

“ഇന്നന്താ ജോലി സ്ഥിരാവത്തതിന്റെ ദു:ഖം തീർക്കലില്ലെ?”

“കയില്‌ കാശില്ലടോ. മാസവസാനമായില്ലെ”

മുർത്തി കച്ചേരി പ്രിയനാണ്‌. ബലരാമന്റെ ഭക്തനുമാണ്‌. സംഗീതം എങ്ങിനെ ആസ്വദിക്കണമെന്ന് ആദ്യ പാഠം നല്കിയവരിൽ ഒരാൾ. താളവും ലയവും മാത്രമായിരുന്നു ആദ്യമൊക്കെ കച്ചേരിയുടെ ആസ്വാദനതലം. രാഗങ്ങൾ ഒരു കീറാമുട്ടിയായിരുന്നു. കൃതിയും രഗവും മന:പ്പാഠമാക്കുകയായിരുന്നു രീതി.

- ഏടോ, രാഗം ഏതാന്ന് മനസ്സിലായോ? ഒന്നും പറയാണ്ടിരിക്ക്യ നല്ലത്. തെറ്റി പറഞ്ഞാ രണ്ട് രാഗോം അറിയില്ലാന്ന് വരും. താനൊരു കാര്യ ചെയ്യാ. ദക്ഷിണാമുർത്തീം, ദേവരാജൻ മാസ്റ്ററും സംഗിത സംവിധാനം ചെയ്ത പഴയ സിനിമാ ഗനങ്ങൾ ശ്രദ്ധിച്ച് കേക്ക്വാ. എല്ലാം ഏതെങ്കിലുമൊരും കർണ്ണാടക സംഗീത രാഗത്തിലായിരിക്കും.

പിന്നീട് രാഗവിസ്താരത്തിന്റെ അഭൗമ സംഗീതം ആസ്വദിക്കാൻ സംഗീത നാടക അക്കാഡമിയുടെ മ്യുസിക് സ്റ്റുഡിയോവിൽ മൂർത്തിയോടൊപ്പം പതിവുകാരനായി. മധുരം വിളമ്പും അരിയാക്കുടി, സ്വരങ്ങൾ അമ്മാനമാടുന്ന മധുരൈ മണി, ഓട്ടുമണി നാദം ചെമ്പൈ, തൊണ്ട കഴച്ച് പാടുന്ന (രാമപ്പന്റെ പാട്ട് - സച്ചിദാനന്ദൻ) എം ഡി രാമനഥൻ, ധാര മുറിയാതെ പാടുന്ന ശെമ്മാങ്കുഡി, ശബ്ദ ഗംഭീരൻ മഹാരാജപുരം തുടങ്ങിയ മഹാരഥന്മാരുടെ സംഗീതം ആസ്വദിച്ച് സമയം പോക്കുക പതിവായി. ഗാനകോകിലം സുബ്ബലക്ഷ്മിയും, ഭക്തകോകിലം പട്ടമ്മാളും സായാഹ്നങ്ങൾക്ക് ശ്രുതിയേകി. ഒരാൾക്ക് ഒരു മണിക്കുർ അനുവദിക്കുന്ന സ്റ്റുഡിയോവിൽ മൂർത്തിയുടെ മിടുക്കുകൊണ്ട് താടിയുള്ള സിക്കുകാരൻ കുൽവന്ത് സിങ്ങ് സമയം നീട്ടി തരുന്നത് കീഴ്വഴക്കമായി. മറ്റുള്ളവരുടെ മനസ്സറിയുന്ന കുൽവന്ത്, ഹിന്ദുസ്ഥാനി സംഗീതാസ്വാദകനാണെന്ന് മൂർത്തി പറഞ്ഞ് പിന്നിടാണ്‌ അറിയുന്നത്.

“ശരി പോവാം. ആറരക്ക് പോയാ പോരെ?“

”ആറ്‌ പത്തിന്‌ 29 ണ്ട്. കനോട്ട് പ്ലേസിന്ന് നടക്കാം“

ദില്ലി ഇന്ത്യയുടെ കണ്ണാടിയാണ്‌. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ കേന്ദ്രം. മലയാളികൾ മാത്രമാണ്‌ ഡെൽഹി എന്നു പറയുക. മറ്റുള്ളവർക്ക് ഡെല്ലിയൊ അതല്ലെങ്കിൽ ദില്ലിയൊ ആണ്‌.

- ഈ നഗരം മാസ്മരികവും ആശ്ചര്യം നിറഞ്ഞ ആവാഹന ശക്തിയുള്ളതുമാണ്‌. ആയിരക്കണക്കിന്‌ ആളുകൾ എല്ലാ ദിവസവും ഇവിടേക്ക് വന്നു ചേരും. നമ്മുടെ നാട്ടിൽ നിന്ന് വരുന്ന ജയന്തി ജനത തന്നെ നോക്കുക. ബോഗികൾ നിറയെ തെക്കെ ഇന്ത്യയിൽ നിന്നുള്ള ആളുകളെ കൊണ്ടു വന്ന് കുടഞ്ഞിടും. അതിൽ പകുതിയും പുതിയ മുഖങ്ങളായിരിക്കും. പഠിക്കാൻ വരുന്നവർ, ജോലി തേടി എത്തുന്ന വിദ്യാസമ്പന്നർ, ദരിദ്രരായ ഗ്രാമീണ കൃഷിക്കാർ, തെക്കെന്നോ, കിഴക്കെന്നോ, പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തുനിന്നും കുടിയേറുന്നവർ ദില്ലിയിൽ അലിഞ്ഞു ചേരും.

ഒരുമിച്ച പഠിച്ച ശിവാനന്ദൻ ഇടക്കിടെ പറയും. കുടിയേറ്റം അയാളുടെ ഇഷ്ടവിഷയമാണ്‌. കൂടാതെ ആധൂനിക സാങ്കേതിക വിദ്യയും.

- വെറും മാസ്റ്റേർസോണ്ട് ഒരു കാര്യോല്യ. പാസ്കലൊ കോബോളോ, ഒരു ആറു മാസത്തെ കൊഴ്സെടുക്കാ. ഇനിയുള്ള കാലം കമ്പ്യൂട്ടറിന്റെ കാലമാണ്‌.

ശിവാനന്ദൻ ഇടക്കിടെ ഓർമിപ്പിക്കും.

”നിന്ന് സ്വപ്നം കാണാതെ റെഡ്യാവാ“

മൂർത്തി തിരക്കുക്കൂട്ടി.

ബർസാത്തിയിൽ വെയിൽ മങ്ങി തുടങ്ങി. കരോൾ ബാഗിലെ ഗലികളിൽ ഇരുൾ മൂടി. ഗുരുദ്വാരാ റോഡിലേക്ക് തിരിയുന്ന വളവിൽ പലചരക്ക് കടക്കാരൻ ബനിയാ തന്റെ കഷണ്ടി തടവി കസ്റ്റമർക്കായി കാത്തിരുന്നു. മൂർത്തിയെ കണ്ട ഉടനെ അയാൾ എഴുന്നേറ്റു നിന്ന് സൗഹൃദം ഭാവിച്ചു. എല്ലാത്തിനും ഇരട്ടി വില വാങ്ങുന്ന അയാളുടെ സ്ഥിരം കസ്റ്റമറായി കരോൾ ബാഗ് സന്ദർശകർ മാത്രമാണ്‌ ഉള്ളത്. മൂർത്തിയെങ്ങിനെ അയാളുടെ വലയിൽ പെട്ടു എന്നത് എന്നും ഒരു ചോദ്യചിഹ്നമായിരുന്നു.

- മുർത്തിയ്ക്കെന്താ ഇയാളുമായി ഇത്ര അടുപ്പം?

ഒരിക്കൽ ചോദിച്ചു.

- തനിക്കൊരു ക്ലു ഇല്യാല്ലെ. ഇയാളെ അറിയുന്ന ആരെങ്കിലും ഇയാളുടെ അടുത്തുന്ന് സാധനങ്ങൾ വാങ്ങോ. പുറകു വശത്തെ റുമില്‌ എന്താന്നാ വിചാരം. ബലരാമൻ.

വഴിവിളക്കുകൾക്കു ചുറ്റും കൊതുകുകൾ വട്ടമിട്ട് പറന്നുകൊണ്ടിരുന്നു.

ഇരുപത്തൊമ്പതിൽ വലിയ തിരക്കുണ്ടായിരുന്നില്ല. പാലിക ബസാർ പകൽ പോലെ തിളങ്ങി നിന്നു. ടിക്കറ്റെടുത്ത് മാവലങ്കാർ ഓഡിറ്റോറിയത്തിന്റെ ബാൽക്കണി കയറി. താഴെ മുൻനിര മുഴുവനും വി ഐ പികളാണ്‌.

“തന്റെ നേതാവ് ണ്ട്. ബേബി.”

പരിചയക്കാർ ആരെങ്കിലുമുണ്ടോ എന്ന് പരതുമ്പോൾ മൂർത്തി പറഞ്ഞു.

സുന്ദരികളായ എംസികൾ മഹാരാജപുരത്തെയും പക്കവാദ്യക്കാരെയും പരിചയപ്പെടുത്തുന്ന സമയത്ത് തമ്പുരുവും വയലിനും മൃദംഗവും ഘടവും കാലൈക്യം വരുത്തിക്കൊണ്ടിരുന്നു. അജ്ഞേയാന്തരീക്ഷം ഓഡിറ്റോറിയത്തിൽ തളം കെട്ടിനിന്നു.

ഗണപതിയെ എല്ലാവർക്കും ഭയഭക്തി ബഹുമാനമാണ്‌. മൂപ്പരില്ലാതെ എന്തെങ്കിലും തുടങ്ങിയാൽ വിഘ്നം ഉറപ്പ്. പിന്നെ തൊണ്ട ശുദ്ധി വരുത്തുന്നതിന്‌ യോജിച്ച രാഗം. മഹാരഥന്മാരുടെ കച്ചേരിക്ക് റേഡിയോവിൽ ഒഴിച്ച് രാഗവും താളവും കൃതിയുടെ കർത്താവിനേയും കുറിച്ച് പറയുക പതിവില്ല. കേട്ട് മനസ്സിലാക്കാൻ കഴിയുന്നവർ മാത്രം കേൾക്കാൻ മെനക്കെട്ടാൽ മതി എന്ന അഹങ്കാരം ഇത്തരം കച്ചേരികളുടെ കൂടെപ്പിറപ്പാണ്‌.

ആഭോഗി ഗൗള ഹംസധ്വനി. ആവശ്യപ്പെടാതെ തന്നെ മൂർത്തി ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്നു.

ഓരോ കച്ചേരിക്കും ഒരു രാഗ, താനം പല്ലവി കാണും. ഭൈരവി, മധ്യമാവതി, തോടി, കല്യാണീ, സിഹേന്ദ്രമദ്ധ്യമം തുടങ്ങിയവ മൂർത്തിക്ക് പൊതുവേ ഹൃദിസ്ഥമാണ്‌.

മഹാരാജപുരം രാഗവിസ്താരം തുടങ്ങി. മുർത്തി മൗനിയായി.

ഒരുവർഷത്തെ സംഗീത-നാടക അക്കാദമിയിലെ സന്ദർശനം വെറുതെയായില്ല. രാഗം അതീന്ദ്രിയവും അവാച്യവുമായ അനുഭൂതി പകർന്നു. താനവും പല്ലവിയും തനിയാവർത്തനവും കഴിഞ്ഞപ്പോൾ സദസ്സ് ആദരപൂർവം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

ശുദ്ധബംഗാളയും അഠാണയും രാഗമാലികയും കാപ്പിയും കഴിഞ്ഞ് മഹാരാജപുരം മംഗളം പാടി.

“എടോ. ഇനി ബിർജു മഹാരാജിന്റെ കഥക് ണ്ട്. അത് കൂടി കഴിഞ്ഞിട്ട് പോയ പൊരെ?”

മൂർത്തി ചോദിച്ചു.

“പത്ത് മണീ കഴിഞ്ഞാ ബസ്സില്യാ ട്ടൊ. നടക്കണ്ട വരും. എന്റേല്‌ ഓട്ടോക്കുള്ള കാശ് ല്യ”

“അതിനെന്താ. അഞ്ചാറ്‌ കിലോമീറ്ററല്ലെ ഉള്ളു. നിലാവത്ത് നടക്കാ ഒരു സുഖാ ടോ“

പഡ്ഡിറ്റ് ബിർജു മഹാരാജ് ജീവിച്ചിരിക്കുന്നവരിൽ കഥകിന്റെ അവസാന വാക്കാണ്‌. ഇനിയൊരവസാരം ഉണ്ടയി എന്നും വരില്ല. ഇടങ്ങേട് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി.

ഭരതനാട്യം താളവും കഥക് ലയവുമാണ്‌. ചടുലത രണ്ടിന്റേയും കൂടെപ്പിറപ്പാണെങ്കിലും കഥകിന്റെ ചടുലതക്ക് ചാരുതയേറും.

കീർത്തി വിജയലക്ഷ്മി യാമങ്ങൾ ധന്യമാക്കിതീർത്തതിന്‌ ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങുമ്പോൾ മൂർത്തിക്ക് മനസ്സിൽ നന്ദി പറഞ്ഞു.

നഗരം ഉറങ്ങി തുടങ്ങിയിരുന്നു. റോഡിൽ വലിയ തിരക്കുണ്ടായിരുന്നില്ല. കാറും ലോറിയും സ്കൂട്ടറും ശബ്ദമുണ്ടാക്കിക്കൊണ്ട് ഇടക്കിടെ കടന്നു പോയി. ആകാശത്ത് നക്ഷത്രങ്ങളും അർദ്ധചന്ദ്രനും നയനാനന്ദമായി.

മൂർത്തിയുടെ മിണ്ടാട്ടം നിലച്ചതെന്തിനെന്ന് പിടികിട്ടിയില്ല. ചില സമയങ്ങളിൽ ഒന്നും സംസാരിക്കാതെ നടക്കുന്നത് ചിന്തകൾ തെളിയിക്കാൻ നല്ലതാണ്‌.

ജൂൺ മാസം പ്രിയദർശിനിക്ക് പ്രിയങ്കരമാണ്‌. ആ മാസത്തിലാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളത്തെ ഇറക്കി അഞ്ഞൂറിലേറെ സിഖ് തീവ്രവാദികളെ കൊന്നതും നൂറിലേറെ പട്ടാളക്കാരെ കുരുതി കൊടുത്തതും ഒരു ജൂൺ മാസത്തിൽ തന്നെ.

കാലവർഷത്തിൽ കറന്റ് പോയത് കൊണ്ട് അരിക്കലാമ്പിൽ മണ്ണണ്ണ നിറച്ച് അച്ഛൻ കത്തിച്ചുവെച്

- ഒന്ന് മുറുക്കണൊ

അത്താഴത്തിനുശേഷം വെടിവട്ടത്തിനു വന്ന, ഇടതടവില്ലാതെ ബീഡിയും സിഗററ്റും മാറി മാറി വലിക്കുന്ന ഇളയച്ഛനോട് വെറ്റിലയുടെ ഞെരമ്പ് നഖം കൊണ്ട് കോറി അച്ഛൻ ചോദിക്കുന്നു. രാഷ്ട്രീയ പറഞ്ഞ് അർദ്ധരത്രിയാക്കാനുള്ള അച്ഛന്റെ ക്ഷണമാണത്.

ഇളയച്ഛൻ അറുപതുകളിൽ പാർട്ടി പ്രവർത്തകനായിരുന്നു. മിച്ച ഭൂമി സമരത്തിൽ നാട്ടിലെ ഒരു സമരഭടൻ. അറസ്റ്റ് ചെയ്യാൻ പോലീസ് വരാതിരുന്നതുകൊണ്ട്, രണ്ട് ദിവസം കുടിൽ കെട്ടി പാർത്ത് തിരിച്ചു പോന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയം വർത്തമാനങ്ങളിൽ ഒതുങ്ങി.

- സി കെ യേയും വിഷ്ണൂനേം പോലീസ് തല്ലി ചതച്ചൂന്നാ കേക്കണെ

പാർട്ടി പറഞ്ഞിട്ടും ഒളിവിൽ പോകാൻ കൂട്ടാക്കാത്ത ധീരൻ സി കെ , വിദ്യാർത്ഥിയായത് കൊണ്ട് ആരും ഒന്നു ചെയ്യില്ലെന്ന് മൂഡ്ഡ് സ്വർഗത്തിലിരുന്നവൻ വിഷ്ണു.

- ഇതിനെ ആരെങ്കിലും കൊല്ലും.

അരിക്കിലാമ്പ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നീട്ടി തുപ്പി അച്ഛൻ പ്രഖ്യാപിച്ചു. നടക്കല്ലിന്‌ ചെമപ്പേറി.

“തനിക്ക് വിസ്തരിച്ച രാഗം എതാന്ന് മനസ്സിലായോ?”

മൂർത്തിയുടെ ശബ്ദം ഭൂതകാലസ്മൃതികളിൽ നിന്നുണർത്തി.

“ഹിന്ദോളാന്നാ തോന്നണെ”

ഉറപ്പുണ്ടായിരുന്നിട്ടും ദ്വിപിഴ പറ്റേണ്ടെന്നു കരുതി പറഞ്ഞു.

മുറി തുറന്ന് മൂർത്തി ഉറങ്ങാൻ കിടന്നു.

കിഴക്ക് വെള്ള കീറി.

“ഇന്നെന്താ, കോളേജിൽ പോയില്ലെ?”

പത്രത്തിൽ നിന്നും കണ്ണെടുത്ത് മൂർത്തി ചോദിച്ചു.

“ഡെറാഡൂൺ എക്സ്പ്രസ് പോയി. ഇനി ഒമ്പതരക്ക് ലോക്കലെ ഉള്ളൂ. അവടെ എത്തുമ്പോഴേക്കും പകുതി ക്ലാസ്സ് കഴിയും. പോയ ബസ്സിന്‌ തന്നെ തിരിച്ചു പോന്നു. എന്താ ഇന്ന് നേരത്തെ തുടങ്ങ്യോ?”

മൂർത്തിയുടെ കണ്ണുനിറഞ്ഞിരിക്കുന്നു. ബനിയായുടെ കടയിൽ കാലത്തെ തന്നെ പോയിട്ടുണ്ടാകും. സ്വല്പം അകത്ത് ചെന്നാൽ മൂർത്തി കരയുന്ന പതിവുണ്ട്. അത്രയേ കരുതിയുള്ളു.

”പത്ത് വർഷത്തിലേറെയായി ഞാൻ കച്ചേരി കേക്കാൻ
തുടങ്ങീട്ട്. താൻ എന്നെ തോല്പിച്ച് കളഞ്ഞു“

പത്രത്തിന്റെ സാസ്കാരിക് പേജ് നീട്ടിക്കൊണ്ട് മുർത്തി വിലപിക്കുന്നു.

മഹാരാജപുരത്തിന്റെ കച്ചേരിയുടെ വിശദമായ റിപ്പോർട്ട് അതിലുണ്ട്. പാടിയ രാഗങ്ങളോടൊപ്പം വിസ്തരിച്ച രാഗത്തിന്റെ പ്രത്യേക വർണ്ണനയും.

”വിഷമിക്കാനൊന്നൂം ല്യ. ഇന്നലെ അടിച്ചിരുന്നില്ലല്ലോ. കുറച്ചടിച്ചാലെ മുർത്തിടെ എല്ലാ ഇന്ദ്രിയങ്ങളും തെളിയു“

തമാശയായി പറഞ്ഞു. ദേഷ്യവും സങ്കടവും സഹിക്കാതെ തോൾസഞ്ഞിയും തൂക്കി മൂർത്തി ബർസാത്തിയുടെ പടിയിറങ്ങി.

രാത്രി നടന്നതിന്റേയും നേരത്തെ ഉണർന്നതിന്റേയും ക്ഷീണം തീർക്കാൻ വീണ്ടും ഉറങ്ങാൻ കിടന്നു. എഴുന്നേറ്റപ്പോൾ ഉച്ചിയിൽ സൂര്യൻ. മുർത്തിയുണ്ടാക്കിയ കട്ടൻ ചായ് ഒന്നുകുടി ചൂടാക്കി, ബർസാത്തിയുടെ പാരപ്പറ്റിൽ ചാരി നിന്ന് അപ്പുറത്തെ ബർസാത്തിയിലെക്ക് നോക്കി. എട്ടന്മാർ എല്ലാവരും തിരിച്ചു വന്നിരിക്കുന്നു.

”എന്താ ഇന്ന് ആരും ജോലിക്ക് പോയില്ലെ“

”താനൊന്നും അറിഞ്ഞില്ലെ? പ്രധാനമന്ത്രിക്ക് വെടിയേറ്റു. ബസ്സുകളൊന്നും ഓടുന്നില്ല. എല്ലാവരും നേരത്തെ പോന്നു“

രാമുവേട്ടൻ പറഞ്ഞു.

അച്ഛന്റെ നാക്ക് കരിനാക്കായി പോയല്ലോ. ഇനിയെന്തൊക്കെ സംഭവിക്കുമോ ആവൊ?

”മുർത്തിം താനും ഇങ്ങട് വന്നോളാ. അവിടെ ഒറ്റക്കിരിക്കണ്ട.“

”മൂർത്തി ഒരു ഒമ്പതായപ്പൊ ഇവിടന്ന് പോയി.“

അന്നു തന്നെ ഒറ്റ മുറിയുള്ള ബർസാത്തിയിൽ നിന്നും ഇരുമുറിയുള്ള ബർസാത്തിയിലേക്ക് ചേക്കേറി. വാഹന ഗതാഗതം നിലച്ചു. ഒഫീസുകളും കടകളൂം അടഞ്ഞുകിടന്നു. രണ്ടരയോടെ ഔദ്യോഗിക പ്രഖ്യാപനം റേഡിയോവിലും ടിവിയിലും വന്നു.

വൈകുന്നേരമായി. ഇരുളിന്റെ മറവിൽ നഗരം കത്തി തുടങ്ങി. പാർട്ടിയുടെ അനുഗ്രഹാശിസുകളോടേ പ്രവർത്തവകരും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. വിഭജനകാലത്ത് മുണ്ട് പൊക്കി നോക്കി കൊല്ലുന്നതിന്‌ പകരം താടി നോക്കി കൊല തുടങ്ങി. ഗുരുദ്വാരാ റോഡിലെ കെട്ടിടങ്ങളിൽ നിന്നും പുക ഉയരുന്നത് നിസ്സഹായതയോടെ നോക്കി നിന്നു. പട്ടാളമിറങ്ങുന്നതു വരെ ദില്ലി നഗരം നരകമായി.

ദിവസങ്ങൾ കടന്ന് പോകുന്തോറും പരിപ്പും ഉരുളകിഴങ്ങും ഗോതമ്പും പഞ്ചസാരയും ചായയും നിറഞ്ഞ പാത്രങ്ങൾ കാലിയായി കൊണ്ടിരുന്നു.

”തിങ്കളാഴ്ച്ച കട തുറന്നില്ലെങ്കിൽ എല്ലാവരും പട്ടിണി കിടക്കേണ്ടി വരും“

ഓപ്പോൾ ഓർമിപ്പിച്ചു.

ആറാം നാൾ കൊച്ചുബാവുവിന്റെ (രാമുവേട്ടനോട് കടപ്പാട്) പലചരക്ക് കട തുറന്നു. ഉള്ളിയും ഉരുളക്കിഴങ്ങും ധാരാളമായി കിട്ടി തുടങ്ങി.

ഏഴാം നാൾ ഒന്നും സംഭവിക്കാത്തതു പോലെ താടിയില്ലാത്ത സിക്ഖ് വാടക ചോദിക്കാനെത്തി. അന്നു തന്നെ സംഗീത നാടക അക്കാദിമിയിൽ ചെന്ന് മൂർത്തിയെ കുറിച്ച് താടിയുള്ള സിക്ഖിനോട് തിരക്കി. ഏഴി ദിവസമായി അയാൾ പുറത്തിറങ്ങിയിട്ടില്ല. മീററ്റ്, ആഗ്ര, ഗ്വ്വാളിയോർ തുടങ്ങിയ ഘരാനകളിലെ സംഗീതജ്ഞരടെ പാട്ട് കേട്ട് അയാൾ സമയം നീക്കിയത്രെ.

പാർട്ടി ഓഫീസിൽ ചെന്ന് കൃഷ്ണേട്ടനോടെ തിരക്കി. അങ്ങേർക്ക് ഒരു പിടിയും ഇല്ല.

മുർത്തിയെ ആരും കണ്ടിട്ടില്ല. മൂർത്തി മാത്രം തിരിച്ചു വന്നില്ല.

******************************************

വർത്തമാനകാലം. കുറെ കാലമായി രാമുവേട്ടനെ വിളിച്ചിട്ട്.

“താൻ വിളിക്കുമ്പ് ഒക്കെ മൂർത്തിയെ കുറിച്ച് ചോദിക്കും. ഇന്നന്തെ ചോദിക്കാത്തെ?”

ഫോണിൽ കുശലം കഴിഞ്ഞ് രാമുവേട്ടൻ ചോദിച്ചു.

“എന്താ. എവിട്യാന്ന് അറിയൊ”

“അറിയാടോ. ഫേസ് ബുക്കില്‌ ണ്ട്.”

വീട്ട് പേരോടെ മുർത്തിയുടെ ഫേസ്ബുക്കിലെ മുഴുവൻ നാമവും രാമുവേട്ടൻ ടെക്സ്റ്റ് ചെയ്തു.

സക്കർ മാർക്ക് സക്കർബർഗിന്‌ സ്തുതി. മൂർത്തിയുടെ പേജിൽ മെസേജിട്ട് ഫോൺ നമ്പറിനായി കാത്തിരുന്നു. നമ്പർ കിട്ടിയാൽ ഒന്ന് വിളിക്കണം

*