Friday, July 1, 1983

 

കവിത

ഉടഞ്ഞ ശംഖ്

അമ്പഴയ്ക്കാട്ട് ശങ്കരൻ

എനിക്ക് ചുറ്റും മരണം
ചടുല നൃത്തമാടുന്നു
ഇന്നലെയുമെന്റെ സ്വപ്നങ്ങളിൽ
ഉടഞ്ഞ ഒരു ശംഖും പിന്നെ
കൊത്തിത്തിന്നാൻ കഴിയാതെ
കോരിത്തിന്നുന്ന
മേൽചുണ്ടില്ലാത്തൊരു
ബലിക്കാക്കയും
അതിഥികളായിരുന്നു.

2.

എന്നും വൈകിയെത്തുന്ന
വണ്ടി കാത്തിരുന്നുറങ്ങാൻ
ഇന്നെനിക്ക് ഭയമാണ്‌
ആരോ വെച്ച ബോംബിനടിയിൽ,
വിദൂരതയിൽ കണ്ണും നട്ട്
കാത്തിരിക്കുന്ന അമ്മക്ക്
ഈ പൊന്നുമകനെന്ന്
നഷ്ടപ്പെടുമെന്നറിഞ്ഞുകൂടാ.

3.

പ്രഭാതത്തിലിറങ്ങിയ
ഞാനെത്തിയിട്ടും
അനിയത്തിയിനിയും
തിരിച്ചെത്തിയില്ല
അവളുടെ അപമനിക്കപ്പെടാത്ത
ശവമെങ്കിലും കാണാൻ
ഇറങ്ങുകയായി ഞാനലയുകയായി
അവൾ എവിടെയുണ്ടെന്നരിയുമെങ്കിൽ
ഒന്ന് പറഞ്ഞുതരു.

4.

ഹരിതമണിഞ്ഞ മലയോരത്ത്
ഇടുങ്ങിയ നിരത്തിനിരുവശത്തും
വെളിക്കിരിക്കുന്നവരെപ്പോലെ
ദൈവങ്ങൾ കാവലിരിക്കുന്നു
നിരത്ത് പങ്കിടാനാകാതെ
അവരിപ്പൊഴും
മുഖം കുനിച്ചിരിപ്പാണ്‌.

5.

അത്യുന്നതങ്ങളിൽ വാഴുന്നവർക്ക്
വെച്ചുവിളമ്പാനെത്തിയത്
അവളായിരുന്നു
മാംസമാണവർക്കിഷ്ടമെന്ന്
അവളറിഞ്ഞിരുന്നില്ല
കാവൽ നിന്ന രാത്രിപോലും പറയുന്നു
അവൾ പരിശുദ്ധയാണ്‌!

*

(1983)