കഥ
മാറ്റം
അമ്പഴയ്ക്കാട്ട് ശങ്കരൻ
നേരം വെളുക്കുന്നതേയുള്ളു. ഒറ്റക്കുള്ള യാത്രയായിരുന്നതുകൊണ്ട് ഒരു വലിയ ബാഗേ ഉണ്ടായിരുന്നുള്ളു. എല്ലാ തവണത്തേയും പോലെ തന്നെ സരസ്വതി യാമത്തിന് മുമ്പെ തന്നെ വിമാനം ഇറങ്ങിയിരുന്നു. ആധൂനിക സൗകര്യങ്ങൾ നിറഞ്ഞ് എയർപ്പോർട്ട് ആകെ മാറിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പാണ് ഇതിനുമുമ്പ് ഇതിലൂടെ വന്നത്. ചിട്ടകൾ കഴിയാൻ എത്ര നേരം എടുക്കുമെന്നറിയാൻ വയ്യാത്തതുകോണ്ട് എല്ലാം കഴിഞ്ഞശേഷമെ അളിയനെ വിളിച്ചുള്ളു. അനാവശ്യമായി ആരേയും കാത്തു നിർത്തരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു. കാറുമായി അളിയനെത്താൻ ഒരു മണിക്കൂർ, തിരിച്ച് അളിയന്റെ വിട്ടിലെത്താൻ മറ്റൊരു മണിക്കൂർ. ക്ഷീണമുണ്ടെകിൽ ഒന്ന് മയങ്ങിക്കോളു എന്നളിയൻ പറഞ്ഞതാണ്. കൊച്ചു കുശലങ്ങൾ പറഞ്ഞതൊഴിച്ചാൽ, വഴിവിളക്കുകളുടെ നേരിയ വെളിച്ചത്തിൽ അതിവേഗം മാറുന്ന നാടിന്റെ ഛായകൾ ആസ്വദിച്ച് ഒന്നു മിണ്ടാതെ ഇരിക്കുകയായിരുന്നു എതാണ്ട് മുഴുവൻ സമയവും.
കൂട്ടി ചേർത്ത ഒരു പുമൂഖം മാത്രമായിരുന്നു അളിയന്റെ വീടിനുവന്ന മാറ്റം. പഴയ ഹീറോ ഹോണ്ട ഇപ്പോഴും മഴകൊള്ളാതെ കവർ ചെയ്ത് വെച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ വീടിന്റെ പകുതിയോളം മുങ്ങിയിരുന്നു. അതിന് സർക്കാരിൽനിന്നും കുറച്ച് പണം കിട്ടിയതും കേടുപാടുകൾ തീർത്തതും കാറിലിരിക്കെ പറഞ്ഞിരുന്നു. ഭംഗിയുള്ള പുത്തൻ പൂമുഖത്ത്, കസേരയിൽ ഇരു കാലുകളും നീട്ടി തിണ്ണയിൽ വച്ച്, സാമാന്യം അകലെയുള്ള റോഡിലേക്ക് കണ്ണും നട്ടിരുന്നു. സൈക്കിളിന്റെ കാരിയറിൽ വലിയ അലുമിനിയം പാൽപാത്രം നിറഞ്ഞ പാലുമായി ആരോ ഒരാൾ സൈക്കളോടിച്ച് പോയി.
- ഉറക്കം പോയി അല്ലെ? അകത്തേക്ക് കേറി ബാഗുകൾ വെച്ചോളു. ഞാൻ ചായ ഉണ്ടാക്കാം“.
- ആവാം. ആദ്യമൊന്നിരിക്കട്ടെ.
മൂന്നാഴ്ച്ചയെ ഉള്ളു. കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കണം. അച്ഛന്റേയും അമ്മയുടേയും സഹോദരങ്ങളെ ഒന്ന് പോയി കാണണം. അടുത്ത സുഹൃത്തുക്കളേയും സഖാക്കളേയും കാണണം. നാട്ടിൽ വന്നാൽ താമസ്സിക്കാൻ സ്വന്തമായി ഒരിടമില്ലാത്തതിന്റെ വേവലാതികൾ പങ്കിടാൻ ലക്ഷ്മി തുടങ്ങിയിട്ട് വർഷങ്ങളായി. തൊണ്ണൂറുകളിൽ എന്നോ വാങ്ങിയ ഹൗസിങ്ങ് ബോഡിന്റെ ഒരു രണ്ടു മുറി വിട് കാടുപിടിച്ച് കിടക്കുന്നുണ്ട്. അതൊന്ന് വൃത്തിയാക്കി മതിൽ കെട്ടി സുരക്ഷിതമാക്കി താമസയോഗ്യമാക്കണം.
പാലുമായി വന്ന ഒരു മെലിഞ്ഞ പെൺക്കുട്ടി അപരിചതനെ കണ്ട് പരുങ്ങി നിന്നു. എന്തുവേണമെന്ന് ചോദിക്കുന്നതിനുമുമ്പ് പാൽ പകർത്താനുള്ള പാത്രവുമായി അനിയത്തി വന്നു.
- ഏട്ടനെന്താ അകത്ത് കയറാതെ സ്വപ്നം കണ്ടിരിക്കണെ? ചായ ഇപ്പൊ തരാം
ഒഴിഞ്ഞ കുപ്പിയുമായി ഗേയ്റ്റ് ചേർത്തടച്ച് പെൺകുട്ടി മറഞ്ഞുപോയി. കിഴക്ക് വെള്ളകീറുന്നതറിഞ്ഞ് ബാഗുമായി അകത്ത് കയറി.
ജെറ്റ്ലാഗുമായി രണ്ട് ദിനങ്ങൾ ഉണർന്നും ഉറങ്ങിയും കടന്നുപോയി. സുപ്രഭാത കീർത്തനങ്ങളും, പള്ളിമണിയും, വാങ്കും അന്തരീക്ഷങ്ങളെ മുഖരിതമാക്കി. അനിയത്തിയും അളിയനും ഉണ്ടാക്കി തന്ന നാടൻ വിഭവങ്ങൾ നാവിന്റെ രുചിസുഷിരങ്ങളെ ഉണർത്തുകയും, ‘ഓലോലനൊന്നുമതി എന്തിന് നൂറുകൂട്ടം...’ എന്നും ‘കണ്ണിമാങ്ങ കുറും കാളൻ കനലിൽ ചുട്ട പപ്പടം...’ എന്നും, പകൽകിനാവിൽ വിരുന്ന വന്ന ഒറവങ്കര ഏട്ടൻ ചൊല്ലിയാടി.
- ഇന്നെന്താ പരിപാടി? പുറത്തേക്കൊന്നും ഇറങ്ങുന്നില്ലെ?
മൂന്നാം നാൾ ‘നൂറ്’ വാർത്തകൾ കേട്ടുകൊണ്ടിരിക്കെ അളിയൻ ചോദിച്ചു.
- ഒരിടം വരെ പോണം. ഒരു പഴയ വീടുള്ളത് അറിയാലോ. അതൊന്ന് വൃത്തിയാക്കണം
- വണ്ടി വേണോ? ഞാൻ ബസ്സിന് പൊക്കോളാം
- തനിക്ക് നേരത്തിനെത്തേണ്ടതല്ലെ. അത് വേണ്ട
താളാത്മക ശബ്ദമുണർത്തി മോട്ടാർ സൈക്കിൾ അകന്നകന്ന് പോകുന്നതറിഞ്ഞു.
പട്ടണത്തിലെ പ്രാന്തപ്രദേശത്താണ് ആ വീട്. പത്തിരുപതഞ്ച് കിലോമീറ്റർ ദൂരമുണ്ട്. നാട്ടിൽ വരുമ്പോൾ ആദ്യമൊക്കെ തങ്കപ്പനെയാണ് ദൂരയാത്രക്ക് ആശ്രയിക്കാറുള്ളത്. തങ്കപ്പൻ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സഹപാഠി, സഖാവ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടായി. അതോടെ പഴയ അമ്പാസഡർ കാറ് വിറ്റു. പഞ്ചായത്തിലെ അവസാനത്തെ അമ്പാസഡർ. ഇതൊന്ന് വിറ്റുകൂടെ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. അറം പറ്റിയ വാക്കുകൾ എന്ന് പറയൻ കഴിയുമോ എന്നറിയില്ല. എല്ലാം നല്ലതിന് എന്ന് പറയാം. സോൾഡ് ഫോർ ഗുഡ്! സ്വദേശനിർമ്മിത വിദേശകാറുകൾ ധാരാളമായിട്ടുണ്ട്. ഓട്ടോമാറ്റിക്, ഏസി, ലെതർ സീറ്റ് എന്നിവ അതിസാധാരണം. മഹേഷിന്റെ കാർ അതിലൊന്നാണ്. അയാൾ യാത്രക്കാരെ പ്രീതിപ്പെടുത്താൻ നയമുള്ളവൻ. കുറച്ച് കാലം ഗൾഫിലായിരുന്നു. ഇപ്പോൾ സ്വന്തം കാർ വാടകക്ക് കൊടുക്കുന്നു. അയാൾ തന്നെ ഓടിക്കുന്നു.
- തൃശൂരിന്ന് കുട്ടൻ വരാറില്ലെ?
അവൻ അവിടെ നിന്ന് പഠിക്കുകയാണ്. അനിയത്തിയോട് അധികമൊന്നും കുശലം ചോദിച്ചിരുന്നില്ല.
- രണ്ടാഴ്ച്ചകൂടുമ്പോ വരും. ഇനീപ്പ് അടുത്താഴ്ച്ച.
മഹേഷിന്റെ വരവും കത്ത്, ഇരുത്തം കസേരയിൽനിന്നും തിണ്ണയിലേക്ക് മാറ്റി തൂണിൽ ചാരിയിരുന്നു. കനത്ത ചൂടിലും വൃക്ഷക്കൂട്ടങ്ങളിൽനിന്നും തണുത്ത കാറ്റ് പൂമുഖത്ത് വീശിക്കൊണ്ടിരുന്നു.
നാട്ടിൽ വന്ന രാഷ്ട്രിയ മാറ്റം അളിയനും പിന്നെ ഈ രണ്ട് ദിവസത്തിലുണ്ടായ ഹൃസ്വസന്ദർശനങ്ങൾക്കിടയിലെ ചർച്ചകളിൽ ഏയാറും മധുവും ബോദ്ധ്യപ്പെടുത്തിയിരുന്നു. മധു വലിയച്ഛന്റെ മകനാണ്. മധുവുമായി പൗരത്വബില്ലിനെ കുറിച്ചുള്ള തർക്കങ്ങൾ അടിയിൽ കലാശിക്കുമൊ എന്ന് കുടുംബസദസ്സിലെ പുതിയ അംഗങ്ങൾ അടക്കം എല്ലാവരും ഭയപ്പെട്ടു. ആലക്കാട്ട് രാമൻ രാമകൃഷ്ണൻ ആദ്യം എ ആർ ആർ എന്ന് ത്രയക്ഷരി ആയിരുന്നു. പിന്നീടത് ചുരുങ്ങി ഏയാർ അയി. പാർട്ടിയെ പഞ്ചായത്തിൽ ആത്മാർത്ഥതയോടെ വർഷങ്ങളിൽ നയിച്ച ഒരാൾ. മൂന്ന് ടേം ലോക്കൽ സെക്രട്ടറിയായി. പിന്നീടെ ടേം ലിമിറ്റ് വന്നപ്പോൾ ഒഴിയേണ്ടി വന്നു. വി എസ് വിഷയത്തിൽ നടപടിക്ക് വിധേയമായി.
അടിയന്തരാവസ്ഥ കഴിഞ്ഞ് കാമ്പസ്സൂകളിൽ ഇടതുപക്ഷം മുന്നേറി തുടങ്ങിയ കാലം. കിരാതകാലങ്ങൾക്കുശേഷം ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏയാറിനൊടൊപ്പം പഞ്ചയാത്ത് വാർഡ് മുഴുവനും അഭിമനത്തോടെ പ്രവർത്തിച്ച കാലം.
- നിങ്ങ്ടെ വാർഡ് ജയിച്ചു അല്ലെ? വല്യെ നെഗളിപ്പൊന്നും വേണ്ട.
ഒമ്പത് സീറ്റിൽ ഒരേയൊരു സീറ്റ് ജയിച്ച് കോളേജിൽ ചെന്നപ്പോൽ കോളെജ് യൂണിയൻ വൈസ് ചെയർമാൻ ഗിരിജ ചോദിച്ചു. ദില്ലി യൂണിവേർസിറ്റിയിൽ നിന്ന് എം എ കഴിഞ്ഞ് ജെ എൻ യു -വിൽനിന്നു പി എച് ഡിയെടുത്ത ബാലഗോപാൽ. ചെറുപ്പം. പേരിൽ വാൽ പാടില്ലെന്ന് നിർബന്ധമുള്ളവൻ. ചതുഷ്ക്കോണ മത്സരത്തിൽ വിജയക്കൊടി പാറിച്ചവൻ. അന്ന് മത പക്ഷമില്ല. ഇടതുപക്ഷം, വലതുപക്ഷം, വലതുപക്ഷവിമതൻ, പിന്നെ വാർഡിൽ സാധീനമു മറ്റൊരാൾ.
പിന്നീട് അഞ്ച് വർഷം പൂർത്തിയാക്കാതെ പഞ്ചായത്തഗംത്വം രാജിവെച്ച് നഗരത്തിലേക്ക് ബാലഗോപാൽ കുടിയേറി. ഇപ്പോൾ എവിടെയാണെന്നറിയില്ല.
- പാർട്ടി മെമ്പർഷിപ്പ് കിട്ടാൻ ഞാനെന്താ ചെയ്യണ്ടെ?
ഏയാറിനോട് ചോദിച്ചു. തങ്കപ്പൻ മുമ്പെ തന്നെ മെമ്പറായി കഴിഞ്ഞിരുന്നു.
- ഗ്രൂപ്പില് ചേർക്കാം. ഡിഗ്രി കഴിയുമ്പോഴേക്കും മെമ്പറാകാം.
പിന്നീട് ഏയാർ വഴികാട്ടിയും സഖാവും സുഹൃത്തും എല്ലാമായി.
കാറിന്റെ ഹോൺ കേട്ട് ഷർട്ടിടാൻ അകത്തേക്ക് പോയി. മഹേഷിന്റെ ചെമന്ന ടോയോട്ട കാർ മോടിയോടെ മുറ്റത്ത് വന്നു നിന്നു.
- ഞാൻ ഉച്ചക്ക് ഊണിനുണ്ടാവില്ല.
അനിയത്തിയോട് ഉറക്കെ പറഞ്ഞ് കാറിൽ കയറി.
- മാഷെന്ന് വന്നു
- രണ്ട് ദിവസായി
- കുറച്ചൂസം ണ്ടൊ
ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. സ്ഥിരം ചോദ്യങ്ങളായാതുകൊണ്ട് മഹേഷ് ഉത്തരവും പ്രതീക്ഷിച്ചുകാണില്ല. വളരെ ചെറുപ്പമായ മഹേഷിനെ നല്ലവണ്ണം പരിചയമുണ്ടെന്നല്ലാതെ അടുപ്പമില്ല. മഹേഷിന്റെ അച്ഛൻ ബ്രാഞ്ചംഗമായിരുന്നു. പിന്നീട് രാഘവന്റെ പാർട്ടിയിൽ കുറച്ചുകാലം. പിന്നീട് എല്ലാ പാർട്ടിയും ഒരുപോലെയെന്ന് പറയാൻ തുടങ്ങി. നിസ്വാർത്ഥ സേവനത്തിന് വിമുഖത തുടങ്ങമ്പോൾ ന്യായീകരണ കണ്ടെത്തുലുകൾ സാധാരണമാണ്.
മനസ്സ് എഴുപതുകളിലേക്ക് മടങ്ങി. അഞ്ച് മുതൽ പത്തുവരെ ഒരേ സ്കൂളിൽ ആയിരുന്നു പഠനം.
- ഇന്നലെ അച്ഛനെ കാണാൻ കാര്യവിവാഹക് ഒരു വേണുഗോപാൽജി വന്നിരുന്നു. കുടുംബക്ഷേത്രത്തില് ശാഖ തുടങ്ങാത്രെ.
രണ്ടു കയ്യിലേയും തള്ളവിരലുകൾ ചെറിയ ഇരട്ടപാളയങ്കൊടൻ പഴം പോലെ ആറു വിരലുകളുള്ള ഹിന്ദിമാസ്റ്ററെ കൂസാതെ പിൻബെൻഞ്ചിലിരിക്കുന്ന തങ്കപ്പനുനേരെ മുഖം തിരിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഏറിയാൽ പന്ത്രണ്ട് ഇഞ്ച് സ്കെയിൽകൊണ്ട് ഒരടി. അത് സഹിക്കാവുന്നതേയുള്ളു. പ്രൈമറി ക്ലാസ്സിൽ രണ്ട് വട്ടം തോറ്റ തങ്കപ്പന്റെ ചുണ്ടിനുമുകളിൽ പ്രേംനസീർ സ്റ്റൈലിൽ മേൽമീശ കിളിർത്തിരുന്നു.
- പിന്നയാള് എന്തൊക്കെ പറഞ്ഞു?
- ഹിന്ദുക്കളുടെ സംഘടനയാണ്. അതിന് രാഷ്ട്രീയം ഒന്നൂംല്യ. എന്നോടും അനിയനോടും വല്യച്ഛന്റെ മക്കളൊടൊപ്പം ചെല്ലാൻ പറഞ്ഞു.
- എന്നിട്ട് നിയെന്ത് പറഞ്ഞു? നിന്റെ അച്ഛൻ സമ്മതിച്ചോ?
- ഞാനൊന്നും പറഞ്ഞില്ല. അച്ഛനിപ്പോ ‘നീ വലുതായി നിനക്ക് തോന്നണ പോലെ ചെയ്തോ’ ന്നാ പറയണെ. ഇഷ്ടം പോലെ കളിക്കാന്ന് പറഞ്ഞു. എന്താ നിനക്ക് തോന്നണെ?
- വിഷാണ്, വിഷം
തങ്കപ്പന്റെ ഒച്ച പൊന്തി. ക്ലാസ്സാകെ ചുവന്ന തുടുത്ത തങ്കപ്പന്റെ മുഖം കണ്ട് പൊട്ടിച്ചിരിച്ചു. അന്നെന്തോ ഭാഗ്യം കൊണ്ട് സ്കെയിലിനുപകരം ചൂരലെടുക്കാൻ ഹിന്ദിമാസ്റ്റർക്ക് തോന്നിയില്ല.
- ടൗണിലേക്കല്ലെ? അവിടെ എവിട്യാ
മഹേഷ് ചോദിക്കുന്നു
- സിവിൽ സ്റ്റേഷനടുത്ത്. സർക്കാരിന്റെ ഹൗസിങ്ങ് കോളനിലാ. വർഷങ്ങൾക്കു മുമ്പ് ഒരിക്കലെ വീട് കണ്ടിട്ടുള്ളു. വന്നിട്ട് കുറെ കാലായി. സ്ഥലം കണ്ടാ തിരിച്ചറിയോന്ന് പോലും അറിയില്ല.
സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായാൽ റെസിഡന്റ് അസോസ്സിയേഷൻ മുൻ പ്രസിഡണ്ട് ഒരു തോമസേട്ടനെ കണ്ടാൽ മതിയെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. തോമസേട്ടൻ ലക്ഷ്മിയുടെ അച്ഛന്റെ സുഹൃത്താണ്. 8 വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ ആരും അങ്ങോട്ട് പോകാനില്ലാതായി. നട്ടുച്ചയായതുകൊണ്ട് റോഡിൽ ആരുമില്ല.
- ഒരു തോമസ്സിനെ അറിയുമോ? റെസിഡന്റ് അസോസ്സിയേഷൻ മുൻ പ്രസിഡണ്ടാണ്.
സ്കൂട്ടറിൽ വന്ന ഒരാളെ തടഞ്ഞുനിർത്തി മഹേഷ് ചോദിച്ചു.
- എന്തു വേണം
കാറിൽ നിന്നിറങ്ങി ലക്ഷ്മിയുടെ അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ എല്ലാം എളുപ്പുമായി. വീട് കാണിച്ചപ്പോൾ അന്തം വിട്ടുപോയി. വിടിനു ചുറ്റും കുറ്റിക്കാടുകൾ. വള്ളിപ്പടർപ്പുകൾകൊണ്ട് വീട് കാണാനേയില്ല. വീടിന് പിന്നിൽ സെമിനാരിയുടെ ഒരു വലിയ കുളം. കിഴക്ക്, ഒരു ഡോക്ടറുടെ രണ്ട് നിലവീട്. പടിഞ്ഞാറ്, രണ്ട് നില കേട്ടിടത്തിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ബോർഡ് തൂങ്ങിക്കിടപ്പുണ്ട്.
ഡോക്ടറുടെ ഭാര്യ ഇറങ്ങി വന്ന് പരാതിയുടെ ഭാണ്ഡക്കെട്ട് അഴിച്ചു. മതിൽ എപ്പഴാ ഇടിഞ്ഞ് വിഴാന്ന് അറിയില്ല. മിന്നലിൽ കത്തിപ്പോയ ഒരേ ഒരു തെങ്ങ് വെട്ടിക്കളയണം. മുന്നിൽ മതിൽ ഇല്ലാത്തതുകൊണ്ട് കുലച്ചതും കുലക്കാറായതും ആയ വാഴ ആരെപ്പഴാ വെട്ടാന്ന് അറിയില്ല. രാത്രികളിൽ എന്തൊക്കാ നടക്കണേന്ന് അറിയില്ല. ഞങ്ങള് മുൻസിപ്പിലാറ്റീല് പരാതി കൊടുക്കാൻ തുനിഞ്ഞതാ.
- വടക്കും കിഴക്കും നിങ്ങളാ മതില് കെട്ടണ്ടത്. വടക്ക് സെമിനാരിയുടെ പറമ്പ് ആയത് കാരണം അതവര് ചെയ്തു. മുന്നിൽ എങ്ങിനെയായാലും നിങ്ങൾ തന്നെ കെട്ടണം. അവര് ഒരു പരാതി കൊടുത്ത പിന്നെ പുലിവാലാ.
തോമസേട്ടൻ ചെവിയിൽ മന്ത്രിച്ചു.
- നമ്മ്ക്ക് ഇതൊന്ന് വൃത്തിയാക്കണല്ലൊ തോമസേട്ടാ. രണ്ടാഴ്ച്ചയെ സമയംള്ളു.
പിന്നെ എല്ലാം പെട്ടെന്ന് നടന്നു. തെങ്ങുവെട്ടാനും വള്ളിപ്പടരുകളും കുറ്റിക്കാടുകളും നീക്കാനും ടെറസ്സിലേക്ക് ചാഞ്ഞ മാവ് വെട്ടാനും ആളുകൾ എത്തി. കുറ്റികൾ പറിക്കാനും നിരപ്പാക്കാനും മിനി മെഷിൻ എത്തി.
- മാഷെ മതില് കെട്ടാനും വീട് നന്നാക്കാനും പറ്റിയ ഒരാളെ എനിക്കറിയാം. ഞങ്ങള് വീട്ടുകാരാണ്. ചെലപ്പോ മാഷ് അറിയും. നമ്മട് പ്രസിഡണ്ട് തങ്കപ്പേട്ടന്റെ വാർഡിലാ താമസം. കൃഷ്ണകുമാർ ന്നാ പേര്
- എന്നാ ഒന്ന് വരാൻ പറ. ഈ പണി രണ്ടൂസം ണ്ടാവും
വെയിലിന്റെ കാഠിന്യമറിഞ്ഞ് താമസമില്ലാത്ത എതിർ വീടിന്റെ ഉമ്മറത്ത് കയറിയിരുന്നുകൊണ്ട് പറഞ്ഞു. ചുടുകാറ്റിന്റെ മയക്കം കണ്ണുകളിൽ തളം കെട്ടി. ഹൈസ്ക്കൂൾകാലം മനസ്സിലുണരുന്നതറിഞ്ഞു.
- ഇത്തവണയെങ്കിലും നമുക്കൊന്ന് ജയിക്കണം. നമ്മുടെ അവസാന വർഷമാണിത്. സ്കൂൾ അസംബ്ലിയിൽ നമ്മുടെ ചെയർമാൻ പ്രതിജ്ഞ അഭിമാനത്തോടെ ചൊല്ലിക്കൊടുക്കണം.
മൂന്ന് വർഷമായി തങ്കപ്പന്റേയും വിജയന്റേയും നേതൃത്വത്തിൽ മെംമ്പർഷിപ്പ് ചേർക്കലും സമരങ്ങളും ചിട്ടയായി നടക്കുന്നുണ്ട്. തങ്കപ്പനാണ് അദ്യമായി സ്റ്റൂഡന്റ് ഫെഡറേഷന്റെ മെമ്പർഷിപ്പിലേക്ക് ചേർത്തത്. ‘വിഷമാണ് വിഷം’ എന്ന പറഞ്ഞ ദിവസം തന്നെ ‘ഇങ്ങിനെയാണെങ്കിൽ നിന്റെ മെമ്പർഷിപ്പ് തിരിച്ചെടുക്കേണ്ടിവരും’ എന്നുപോലും തങ്കപ്പൻ പറഞ്ഞുകളഞ്ഞു. ഒരിക്കൽപോലും ഒന്ന് രണ്ട് ക്ലാസ് ലീഡർ ജയിക്കുകയല്ലാതെ കാര്യമായ ഒരു മുന്നേറ്റവും കഴിഞ്ഞുപോയ വർഷങ്ങളിൽ ഉണ്ടായിട്ടില്ല.
സവർണ്ണ വലതുപക്ഷ അദ്ധ്യാപകരുടെ കേന്ദ്രമായിരുന്നു സ്കൂൾ. ചരിത്രത്തൊലൊരിക്കലും സ്റ്റൂഡന്റ് ഫെഡറഷേൻ ജയിച്ചിട്ടില്ല. തങ്കപ്പനും വിജയനും ആന്റണിയുമായിരുന്നു അതിനൊരറുതി വരുത്താൻ തുനിഞ്ഞിറങ്ങിയത്.
- ക്ലാസ് ലീഡർ പദവിയിലേക്ക് നിനക്ക് പുഷ്പം പോലെ ജയിക്കാം. സ്റ്റുഡന്റ് യൂനിയന്റെ മോഹനൻ നിനക്കെതിരെ മത്സരിക്കുമെന്ന് ഉറപ്പാണ്. പക്ഷെ കണ്ണനും രാജുവും രവിയും ബാലനും കൂടിചേർന്നാൽ പിന്നെ മോഹനന്റെ മോഹങ്ങളുടെ തീ കെടും. അവർ പറഞ്ഞാലപ്പുറം ക്ലാസ്സിലെ മഹാഭൂരിപക്ഷത്തിനും ഒന്നുമില്ല.
തങ്കപ്പന്റെ നിശ്ചയധാർഡ്ഡ്യം ആത്മധൈര്യം പകർന്നു. ക്ലാസ്സിൽ ലീഡർ ജയിച്ച് സ്കൂൽ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതറിഞ്ഞ് ഹിന്ദി മാസ്റ്റർ വിളിപ്പിച്ചു.
- ജയിക്കാനൊന്നും പോണില്ല. പക്ഷെ നിക്കാണെങ്കിൽ രാഷ്ട്രീയം ഒന്നും പറയണ്ട. അതാ നല്ലത്. കാലം നല്ലതല്ല.
അടിയന്തരാവസ്ഥയെ ഓർമിപ്പിച്ചുകൊണ്ട്, വർഷാവസാനത്തിൽ തോല്ക്കാൻ പോകുന്ന കുട്ടികളോട് ഉയർത്തിക്കാണിക്കാറുള്ള ഇരട്ട തള്ളവിരൽ ഉയർത്തിക്കൊണ്ട് സ്നേഹത്തോട് മാസ്റ്റർ പറഞ്ഞു.
മാസ്റ്ററുടെ നാക്ക് പൊൻനാക്കായി. സ്കൂൾ പാർലിമെന്റിൽ ഒരു വോട്ടിന് മാത്രം തോറ്റതറിഞ്ഞ് സവർണ്ണ ലോബി ഞെട്ടി.
- സാരംല്യ. അടുത്ത വർഷം ഒന്ന് ആഞ്ഞ് പിടിച്ചാൽ ജയിക്കാവുന്നതേയുള്ളൂ.
വിജയനും ആന്റണിയും സമാധാനിപ്പിച്ചു. സ്ക്കൂളീൽ നിന്ന് പോന്നതിന് ശേഷം അടുത്ത വർഷം വിജയന്റേയും ആന്റണിയുടേയും നാവ് പൊന്നാവുകയും ചെയ്തു.
- മാഷെ, കൃഷ്ണകുമാർ അഞ്ച് മണിക്ക് മുമ്പ് വരും
മഹേഷിന്റെ ശബ്ദം പണിക്കാരുടെ ആരവങ്ങൾക്കുപരി ഉയർന്നുനിന്നു. വൈകുന്നേരമായപ്പോൾ കൃഷ്ണകുമാർ എത്തി. നല്ല മുഖപരിചയം.
- മാഷക്ക് എന്നെ ഓർമ്മയില്ലേ. പണ്ട് കമ്മിറ്റികൾക്ക് എന്റെ വീട്ടില് വരാറുണ്ട്. വേണൂന്റെ മകനാ ഞാൻ. മാഷടെ എത്ര പ്രസംഗാ ഞാൻ കേട്ടിട്ടുള്ളത്.
തങ്കപ്പൻ ലോക്കൽ സെക്രട്ടറിയായപ്പോൾ വേണു ബ്രാഞ്ച് സെക്രട്ടറിയായി തീർന്നത് ഓർമ്മ വന്നു. ഇപ്പോൾ കൂറുള്ള പാർട്ടി അനുഭാവിയായി തുടരുകയാണ്
- മഹേഷ് കാര്യം പറഞ്ഞിരിക്കുമല്ലോ. ഇന്ന് തന്നെ ഒരു എസ്റ്റിമേറ്റ് തരാൻ കഴിയ്യോ?
കുശലങ്ങൾക്കുശേഷം കാര്യത്തിലേക്ക് കടന്നു. വീടിനുചുറ്റം നടന്ന് മന:ക്കണക്കുക്കൂട്ടി അയാൾ തിരിച്ചു വന്നു.
- മതിലിനും വീടിന്റെ റിപ്പയറിനുംകൂടി ഒരു മുന്ന് വരും
- മൂന്നോ?
- മൂന്ന് ലക്ഷം. മതിലിന് ഒന്ന്. വീടിന് രണ്ട്. അങ്ങിനെ ടോട്ടൽ മൂന്ന്.
- ഇത്ര ചെറിയ മതിലിന് ഒന്നോ?
- നല്ല ഒരു ഗൈയ്റ്റ് വേണ്ടെ മാഷെ. മാഷോട് ഞാൻ കൂട്ടിപ്പറയ്യോ
- ഇപ്പൊ ഇത്ര ഒക്കെ വരും. മാഷ് പോയ കാലത്തെ പോലെ ഒന്നും അല്ല. കാലം മാറി
മഹേഷ് കൃഷ്ണകുമാറിനെ പിന്താങ്ങി.
- മാഷ് ആലോചിച്ച് നാളെ പറഞ്ഞാ മതി. എല്ലാം സമയത്തിന് നന്നായി ഞാൻ ചെയ്ത് തരാം. അത് അച്ചട്ട്.
തലയെടുപ്പുള്ള ഫോർഡ് എസ് യു വിയിൽ കൃഷ്ണകുമാർ ഒഴുകി മറഞ്ഞു. ലക്ഷ്മിയെ വിളിച്ച് കാര്യം പറയണം. തങ്കപ്പനെ ഒന്ന് വിളിച്ച് കൃഷ്ണകുമാറിനെക്കുറിച്ച് അന്വേഷിക്കണം. ഏയാറിനെ വിളിച്ചാൽ തങ്കപ്പന്റ് വാട്സപ്പ് നമ്പർ കിട്ടും
അളിയന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും 8 മണി കഴിഞ്ഞു. ടിവിയിൽ ചർച്ചകളുടെ ബഹളമാണ്. ബഹളം മടുത്ത് അളിയൻ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. അത്താഴം കഴിഞ്ഞ് തങ്കപ്പൻ ഉറങ്ങുന്നതിനുമുമ്പ് അയാളെ വിളിച്ചു.
- നാട്ടിലെത്തിട്ട് എത്ര ദിവസായി മാഷെ
എടാ പോടാ വിളികൾ തങ്കപ്പൻ നിർത്തിയിട്ട് നാളേറെയായി. മാഷും ദ്വയാക്ഷരികളും ത്രയാക്ഷരികളും ബഹുമാനത്തിന്റെ സൂചകങ്ങൾ ആയിരിക്കുന്നു. പള്ളിക്കൂടസ്മരണകളും നാട്ടിലെ വിശേഷങ്ങളും രാഷ്ട്രീയവും പറഞ്ഞ് സമയം അർദ്ധരാത്രിയോടടുത്തു.
- തങ്കപ്പന്റ് വാർഡിലുള്ള ഒരു കൃഷ്ണകുമാറിനെ അറിയുമല്ലോ. നമ്മ്ടെ വേണുന്റെ മകൻ. ടൗണിൽ ഒരു പഴയ വീടിന്റെ കുറച്ച് വർക്ക് ണ്ടായിരുന്നു. എങ്ങിനേണ്ട് അയാൾ. വിശ്വസിക്കാമോ?
- കുടുംബായിട്ട് നമ്മട് കൂടെ ആയിരുന്നത് അറിയാല്ലോ. അവനിപ്പോ മതപക്ഷത്താ. വേണു പറഞ്ഞാലൊന്നും കേക്കില്ല അവൻ. ഞാൻ നമ്മ്ടെ എടേന്ന് നല്ല പണിക്കാരെ തരാം.
- വർഗ്ഗപരമായി ഇവരെയൊക്കെ നമ്മടെ കൂട്ടത്തിൽ നിർത്തേണ്ടവരല്ലെ?അങ്ങ്നെ തള്ളിക്കളയാമോ?
- ശ്രമിക്കാഞ്ഞിട്ടാണോ മാഷെ. ഓതിക്കൊട് തല്ലിക്കൊട് തള്ളിക്കളാ, അത്രയൊക്കെ പറ്റു. കേന്ദ്രത്തിലെ ഭരണം ഇവരടൊക്കെ തലക്ക് പിടിച്ചപോലാ തോന്നണെ
തങ്കപ്പന്റെ വാക്കുകളിലെ നിസ്സഹായത തായ്‌വേരിൽ അണുബാധയേറ്റ വടവൃക്ഷത്തിന്റെ ഇലകളെ ഓർമിപ്പിച്ചു. പിന്നെ ഏറേ നേരം സംസാരിക്കാൻ കഴിയാതെ വാട്ട്സപ്പ് കാൾ അവസാനിപ്പിച്ചു.
നാട്ടിൽ ഇനി അധികം ദിവസം ഇല്ല. തങ്കപ്പന്റെ വാക്കുകൾ കേട്ട് മറ്റൊരാളെ വിളിച്ചാൽ അത് അയൽവക്കയുദ്ധമാവും. തിരിച്ചുപോകുന്നതിനുമുമ്പ് പണി കഴിപ്പിക്കണം. ടൗണിൽപ്പോയി വർക്ക് നോക്കാൻ ഏറെ തിരക്കുള്ള അളിയന്റെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഒടുവിൽ മനസ്സില്ലാമനസോടെ കൃഷ്ണകുമാറിനെ പണിയേല്പിച്ച് തലയൂരി. തങ്കപ്പൻ പിണങ്ങുമെന്നറിയാം. നിസ്സഹായത പറഞ്ഞാൽ അവന് മനസ്സിലാകും.
നാട്ടിലിങ്ങനെ നിന്നാൽ എങ്ങിനെയാണ്. ഇന്ന് ജോലിയുള്ളതല്ലെ. വിമാനത്തിൽ കയറി അവിടെയെത്താൻ ഒന്നര ദിവസം എടുക്കും. ഉയർന്നുപൊങ്ങുന്ന ശരീരം പർവതങ്ങളും സമതലങ്ങളും കടലുകളും മരുഭുമികളും കടന്നുപോകുന്നതറിഞ്ഞു.
“ഉറക്കത്തിൽ എന്തൊരു ബഹളാ ഇത്. പഞ്ചായത്ത് ഇലക്ഷന്റെ റിസൾട്ട് വരാന്ന് വെച്ച് ഇങ്ങിനെയൊക്കെ ആവ്വോ. ആരായി തങ്കപ്പൻ?”
അനുഭൂതിയുടെ അന്ത്യത്തിൽ ലക്ഷ്മിയുടെ കുലുക്കി വിളികേട്ട് ഞെട്ടിയുണർന്നു. ധനലക്ഷ്മി യാമമായി. ലക്ഷ്മി ഉണർന്ന് ഐപ്പാഡിലെന്തോ കാണുകയാണ്. രണ്ടുപേർക്കും തുടർച്ചയായ ഉറക്കം ഇല്ലാതയിതുടങ്ങിയിരിക്കുന്നു.
“ഫോൺ തുടർച്ചയായി വിറക്കുന്നുണ്ടായിരുന്നു. നാട്ടിന്നാവും”
ലക്ഷ്മി നിർത്തുന്ന ലക്ഷണമില്ല. ഉറക്കത്തിന് മുറിവ് ഇല്ലാതിരിക്കാൻ ഫോൺ സൈലന്റ് മോഡിലിടാറുണ്ട്. രാത്രി ഒരു മണി വരെ ഇലക്ഷൻ ഫലം അറിയാൻ ഉറങ്ങാതെ ഇരുന്നിരുന്നു. പഞ്ചായത്തിലെ റിസൾട്ട് വന്നാൽ ടെക്സ്റ്റ് ചെയ്യണമെന്നേ പറഞ്ഞിരുന്നുള്ളൂ. ആവേശം മൂത്ത ഏയാർ വിളിച്ചതായിരിക്കും.
ചായ ഉണ്ടാക്കി സോഫയിൽ ചാരിയിരുന്ന് നാട്ടിലെ ഒരു ചാനൽ ഓൺ ചെയ്ത് ശബ്ദമില്ലാതെ കണ്ടുകൊണ്ടിരുന്നപ്പോൾ വീണ്ടും ഏയാറിന്റെ വിളി.
“മാഷെ എത്ര തവണ വിളീച്ചുന്ന് അറിയോ? ഇടതുപക്ഷ തരംഗാണ്. വിജയതരംഗം.”
ആവേശതിമിർപ്പിൽ ഏയാറിന്റെ ആഹ്ലാദ ശബ്ദം കേട്ടപ്പോൾ സന്തോഷം തോന്നി. ഉറങ്ങാൻ കിടന്നപ്പോഴെ ഇത് പ്രതീക്ഷിച്ചതാണ്. പഞ്ചായത്തിലെ വിശേഷമാണ് അറിയേണ്ടിരുന്നത്. കഴിഞ്ഞ തവണ ഇടത്പക്ഷമായിരുന്നു. ഭരണ തുടർച്ചക്ക് സാദ്ധ്യതയുണ്ടെന്ന് ഏയാർ ഇന്നലെ പറഞ്ഞിരുന്നു.
“നമ്മുടെ പഞ്ചായത്തിലെന്താ സ്ഥിതി?”
“തങ്കപ്പനും മുൻ വനിതാപ്രസിഡണ്ടും തോറ്റു. വലതുപക്ഷ-മതപക്ഷ അടിവലി നടന്നിട്ടുണ്ട്, ഞാൻ കണക്കുകൾ ടെക്സ്റ്റ് ചെയ്യാം. അങ്ങിനെ മതപക്ഷത്തിന് ആദ്യമായി രണ്ട് സീറ്റ് കിട്ടി. നമക്ക് അഞ്ചും അവർക്ക് എട്ടും”
“ആരാ തങ്കപ്പനെ തോല്പിച്ചത്?”
“മതപക്ഷത്തിന്റെ ഒരു കൃഷ്ണകുമാർ. മാഷ് അറിയോന്നറിയില്ല.”
ഒരു സ്വപ്നം കൊണ്ട് രാവ് അസ്തമിക്കുന്നില്ല. ഒന്നും പറായാതെ ഫോൺ കട്ട് ചെയ്തു. കണക്ഷൻ പ്രോബ്ലം ആണെന്ന് കരുതിക്കോളും. ടിവി സ്ക്രീനിൽ വിവിധ കോളങ്ങളിലായി തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു.
*
No comments:
Post a Comment