Wednesday, May 1, 1985

 

കഥ

അതിരപ്പിള്ളി

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഇത്തരത്തിൽ ഒരു വിചിത്ര വൈകാരികാനുഭൂതി അനുഭവിക്കുന്നത് വിഷ്ണുവിന്റെ ജീവിതത്തിൽ ആദ്യമാണ്‌. വഴക്കലുള്ള പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന കുളിർന്ന ജലം കൊണ്ട് കാലും കൈയ്യും കഴുകി മുഖമുയർത്തിയപ്പോൾ കണ്ണുകൾ ചെന്ന് പതിച്ചത് ഊർമ്മിളയുടെ വെളുത്ത കാൽവണ്ണയിലാണ്‌. അവൾ അല്പം ഉയർന്ന പാറയിൽ വിഷ്ണുവിനെ തന്നെ നോക്കിയിരിക്കുകയാണ്‌. ഇടയുന്ന മിഴികളുടെ മത്സരത്തിൽ വിഷ്ണു പരാജയം ഏറ്റെടുത്തു.

ആർദ്രയും ഗീതയും നീനയും കുറച്ചകലെ മരച്ചുവട്ടിലിരുന്ന് എന്തോ അടക്കം പറഞ്ഞ് ചിരിക്കുന്നു. ഒഴുക്കിൽ ആർത്തുല്ലസ്സിച്ച് കുളിക്കുന്ന ആൺക്കുട്ടികളൊട് വെള്ളത്തിന്‌ നല്ല ഒഴുക്കുണ്ടെന്ന് പറയണമെന്ന് തോന്നി. പിന്നെ അത് വേണ്ടെന്ന് വെച്ചു. നിഴൽ വിരിച്ച കുന്നുകളിലൂടെ ശാന്തമായ ഒഴുകുന്ന അരുവി പെട്ടെന്നാണ്‌ രാക്ഷസരൂപം കൈകൊള്ളുന്നത്. അകലെനിന്ന് കാണൻ എന്ത് ഭംഗിയാണ്‌! കുട്ടികൾ വെള്ളച്ചാട്ടത്തിനരികിലേക്ക് അടുത്തടുത്ത് പോകുമ്പോൾ പിടയുന്നത് വിഷ്ണുവിന്റെ മനസ്സാണ്‌.

യാത്ര തുടങ്ങിയപ്പോഴെ ഊർമ്മിളയുടെ ഭാവമാറ്റം വിഷ്ണു ശ്രദ്ധിച്ചു തുടങ്ങിയതാണ്‌. അപ്പോൾ മുതൽ അയാളുടെ മനസ്സ് വെറുതെ അധൈര്യപ്പെടാൻ തുടങ്ങിയിരുന്നു. എന്തെങ്കിലും ചോദ്യങ്ങളുമായി അവൾ എപ്പോഴാണ്‌ തന്നെ സമീപിക്കുകയെന്ന് വിഷ്ണു ഭയന്നു. ഓർമകളിലെ ചൂടുള്ള പകലുകൾ രാത്രികളിൽ അയാളുടെ ഉറക്കം കെടുത്തിയിരുന്നു.

നനഞ്ഞ പാന്റ്സ് ചുരുട്ടിക്കയറ്റി വഴുക്കലുള്ള പാറക്കല്ലുകളിൽ ശ്രദ്ധിച്ച് ചവുട്ടി അവളുടെ അരികിൽ ചെന്നിരുന്നു. അവളുടെ മിഴി നീരിന്‌ ഒഴുകുന്ന ജലത്തിനേക്കാൾ തെളിമ. വിളറിയ മുഖത്തേക്ക് നോക്കിയിരുന്നപ്പോൾ അവൾ തലതാഴ്ത്തി.

“തനിക്കെന്ത് പറ്റി. ആരോടാ ഈ ദേഷ്യം?”

“എനിക്കാരോടും ഒന്നുമില്ല”

“പിന്നെ ഇങ്ങനെ ഒറ്റക്ക്....?”

അതിനുള്ള മറുപടി ഒരു ചെറിയ തേങ്ങലായിരുന്നു.

“സാറിനെന്താ സത്യം പറഞ്ഞൽ?”

പിന്നാലെ വന്ന ചോദ്യം കേട്ട് വിഷ്ണൂ ആദ്യമൊന്നമ്പരന്നു. ഇനി മിണ്ടാതെ ഇരിക്കുന്നതിൽ അർത്ഥമില്ല.

“എന്റെ പരിമിതികൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.”

“എനിക്കൊന്നും കേക്കണ്ട. എന്നെ ഒന്ന് വെറുതെ വിടാമോ”

രംഗം വഷളാകിതിരിക്കാൻ വിഷ്ണു പെട്ടെന്ന് എഴുന്നേറ്റ് മറ്റ് കുട്ടികൾ ഇരിക്കുന്ന മരചുവട്ടിലേക്ക് നടന്നു. അന്നന്നത്തെ സംഭവങ്ങൾ വിഷ്ണു പങ്കുവെക്കുന്നത് ശ്യാമുമായിട്ടാണ്‌. വിഷ്ണുവിന്റെ പ്രേമകലയിലെ അജ്ഞത ശ്യാമിന്‌ ബോദ്ധ്യമാകുന്നത് ഇത് പറയുമ്പോഴായിരിക്കും. സ്ഥിതിവിവരക്കണക്കുകളുടെ നിഘണ്ടുവിൽ പ്രേമത്തിന്‌ പര്യായമില്ലെന്ന് ശ്യാം ഇടക്കിടെ പറയും. പെണ്ണ്‌ കരയുമ്പോഴോ, പരിഭവം പറയമ്പോഴോ ആണ്‌ ആണിന്റെ ഭാവാഭിനയം ഔന്ന്യത്തിലെത്തേണ്ടതെന്ന് ശ്യാം എത്ര തവണ പറഞ്ഞു കൊടുത്തിരിക്കുന്നു. ഇതെല്ലാം വിഷ്ണുവിന്‌ നല്ലവണ്ണം അറിയാം. എന്നാൽ പ്രയോഗത്തിൽ അയാൾ എന്നും പിറകോട്ടാണ്‌.

സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് ക്ലാസ്സുകളിൽ വിദ്യാർത്ഥികളിലുള്ള വിഷ്ണുവിന്റെ ശ്രദ്ധ വിചിത്രമാണ്‌. കുട്ടികളുടെ അശ്രദ്ധകൾ അയാൾ ശ്രദ്ധിക്കാറില്ല. ഊർമിളയുടെ സാരിയുടെ നിറം വ്യതിയാനങ്ങൾ സൂചിപ്പിക്കുന്ന ബാറുകളുടെ നിറമായാൽ നന്നായിരിക്കുമെന്ന് അയാൾക്ക് തോന്നും. അവളുടെ നെറ്റിയിലെ ചെറിയ കറുത്ത പൊട്ടിന്റെ നിറം ആക്സിസ്സുകളുടെ യൂണീറ്റുകൾ സൂചിപ്പിക്കുന്ന ബിന്ദുക്കൾ ആക്കിയാൽ രസമാകുമെന്ന് വിചാരിക്കും. കുട്ടികൾക്ക് പിന്നിലെ സിമന്റ് തേക്കാത്ത ചുമരിലെ ഇഷ്ടികകളുടെ ചെമന്ന നിറം പശ്ചാത്തലത്തിൽ നല്കണമെന്നായിരിക്കും അയാളുടെ മനസ്സിൽ.

“ഊർമ്മിളക്കെന്ത് പറ്റി. നിങ്ങളുമായി എന്തെങ്കിലും വഴക്ക്..?”

“ഒന്നൂല്യ സർ. ആ കുട്ടിക്ക് തലക്ക് വട്ടാ. വാനിൽ കേറീപ്പൊ മുതൽ തുടങ്ങീതാ ഇത്.”

ആർദ്ര ദേഷ്യത്തോടെ പറഞ്ഞു.

“നല്ല തല്ല് കൊള്ളാത്ത സൂക്കേടാ”

“അത് ശരിയാ സർ. സാറിനോടെന്താ പറഞ്ഞെ”

“എന്നോട് ഒന്നും പറാഞ്ഞില്ല. ഒറ്റക്കിരിക്കണ കണ്ടപ്പോ അല്പം റൊമാൻസ് പറ്റോന്ന് നോക്കീതാ. ഒരു രക്ഷയുമില്ല. അടുപ്പിക്കണില്ല.”

എല്ലാവരും പൊട്ടിച്ചിരിച്ചു. ദേഷ്യത്തോടെ നോക്കുന്ന ഊർമ്മിളയുടെ മുഖം വിഷ്ണു കണ്ടു.

വിഷ്ണുവിന്റെ മനസ്സിനെ തണുപ്പ് ബാധിച്ച് തുടങ്ങിയിരിക്കുന്നു. കനവുകളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ അതിന്റെ തീവ്രത ഏറി വരുന്നു. ഇനി നിന്ദയുടെ എട്ടുകാലിവല ലോകത്തിൽ സ്വയം കുടുങ്ങുകയെ അയാൾക്ക് നിവർത്തിയുള്ളു. മൗനത്തിന്റേയും വാചാലതയുടേയും രസമുഖങ്ങൾ കുട്ടികൾ അത്ഭുതത്തോടെ നോക്കിനിന്നു.

“സാറ്‌ വിചാരിച്ചപ്പോലെയൊന്നുമല്ല”

“എന്ന് പറഞ്ഞാല അത്ര ബോറനല്ലെന്നർത്ഥം”

“അതല്ല.... കുറച്ചുകൂടി റിസർവാണെന്നാണ്‌ കരുതിയത്. പ്രത്യേകിച്ച് വന്ന കാലത്ത് സാറിന്റെ ഗൗരവം... അന്നന്തൊ ഭയങ്കര പേടിയായിരുന്നു”

“വളരെ അടുത്തുള്ളവരുമായേ ഞാൻ മനസ്സ് പങ്ക് വെക്കാറുള്ളു.”

“അവരുടെ കുളിസീൻ കണ്ട് മടുത്തു സർ. ഒന്ന് കേറാൻ പറയുന്നേയ്...”

“ഒന്ന് കുളിക്കുന്നോ. പിന്നെ അവിടന്നങ്ങട് കേറാൻ തോന്നില്ല”

“പിന്നെപ്പോ കുളിക്കാഞ്ഞട്ടല്ലെ”

തുടുത്ത് കയറിയ ഗീതയുടെ മുഖം വെറുതെ നോക്കിയിരുന്നു. നോട്ടത്തിലെ പന്തികേടോ എന്തോ അവൾ മുഖം കുനിച്ചു. ഇത്തരം കൊച്ചുകാര്യങ്ങൾ വിഷ്ണുവിൽ അമ്പരപ്പുണ്ടാക്കും. ആയുസ്സിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട വിഷ്ണുവിന്റെ യോനി പ്രസാദ വേദനകൾ ശ്യാം മൂക്കത്ത് വിരൽ വെച്ച് സ്വീകരിക്കും.

- മഹഭൂരിപക്ഷം സ്ത്രീകളും മനസ്സിലുള്ളത് പച്ചയായി ഒരിക്കലും തുറന്ന് പറയില്ല വിഷ്ണു.

- ഇത് വെറും കൗതുകം മാത്രമാണെങ്കിലോ?

- ഒന്ന് പോകാൻ പറ. നമുക്ക് അത്രയും ദിവസത്തെ മന:സുഖം ലാഭം

- എന്ന് പറഞ്ഞാൽ കഥ പൂർത്തിയാകില്ലല്ലോ ശ്യാം.

- പൂർത്തിയാകണമെന്ന് എന്താ ഇത്ര നിർബന്ധം?

ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സിന്റെ ആദ്യപകുതി വിഷ്ണുവിന്റെ സ്വന്തമാണ്‌. രണ്ടാം പകുതി കുട്ടികൾ എഴുതിതുടങ്ങുമ്പോൾ കണ്ണുകൾ പകിട കളി ആരംഭിക്കുന്നു. ഊർമ്മിള വേഗത്തിൽ എഴുതും. വരികൾ വായിക്കുമ്പോഴും എഴുതുമ്പോഴും വിഷ്ണുവിന്റെ ഊഴമാണ്‌. അടുത്ത വരി വായിച്ച് തുടങ്ങുന്നതിനുമുമ്പുള്ള ഇടവേള ഊർമ്മിളയുടേതും. അതൊരു കീഴ്വഴക്കമാണ്‌. അത് തെറ്റുമ്പോഴാണ്‌ ലജ്ജ ഊർമ്മിളക്കൊരു ആഭരണമാകുന്നത്. വിഷ്ണുവിന്‌ അമ്പരപ്പും. ഈ രണ്ട് ഭാവങ്ങളും രണ്ടു പേരുടേയും ഹൃദയങ്ങളെ സാന്ദ്രമാക്കുന്നു.

- വിപ്രലംഭ ശൃംഗാരമെന്ന് കേട്ടിട്ടുണ്ടോ?

- ഉണ്ട്

- എന്നാൽ നിങ്ങളുടെ ആ ഘട്ടം കഴിഞ്ഞു.

- ഇനി

- അത് ഞാൻ പച്ചയായി പറയണൊ?

ചിരിയിലൊതുങ്ങുന്ന കുതിർന്ന സായഹ്നങ്ങൾ അങ്ങിനെ വിഷ്ണുവിന്റെ ആശ്വാസമായി മാറുന്നു. നിശയുടെ ആദ്യയാമങ്ങൾ ധന്യമാകുന്നു.

“എന്താ സാർ ആലോചിക്കുന്നത്?”

“എന്തെങ്കിലും കഴിക്കണ്ടെ നമുക്ക്?”

“വേണം. എനിക്ക് നല്ല വിശപ്പുണ്ട്”

കുട്ടികൾ കുളിച്ചുകയറി തോർത്തി തുടങ്ങിയിരിക്കുന്നു. ഊർമ്മിളയെ നോക്കി കൈകാട്ടി വിളിച്ചു. അവൾ പതുക്കെ എഴുന്നേറ്റ് നടന്നു വരുന്നത് സങ്കോചമില്ലാതെ നോക്കിയിരുന്നു.

“നമുക്ക് വെള്ളച്ചാട്ടത്തിന്റെ താഴെ പോകാം. അങ്ങോട്ട് ഇത് വരെ പോയില്ലല്ലോ”

“അവിടെ നല്ല കാറ്റും തണുപ്പും ആയിരിക്കും”

“ഒന്ന് കുളിക്കായിരുന്നില്ലെ സർ?”

താഴേക്കിറങ്ങൗമ്പോൾ ബാബു ചോദിച്ചു

“ഇവിടെ ഒന്ന് കുളിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടമാണ്‌”

“എനിക്കറിയാം. ഒന്നാമത് ഇന്നന്റെ മൂഡ് ശരിയല്ല. പിന്നെ പോരുമ്പോ തന്നെ കുളിക്കില്ലെന്ന് ഉറപ്പിച്ചതാണ്‌.“

”അതെന്താ“

”ഒന്നുമില്ല“

”ഞങ്ങൾക്കറിയാം. ഞങ്ങളുടെ കമ്പനി സാറിന്‌ യോജിച്ചതല്ല, അല്ലെ?“

“അങ്ങിനെയാണോ ബാബു നിങ്ങളെല്ലാം എന്നെ മനസ്സിലാക്കിയിരിക്കുന്നത്?”

ഈ അടുപ്പും പറച്ചിലിൽ കുട്ടികൾ തോല്ക്കുമെന്ന് വിഷ്ണുവിന്‌ നന്നായിയറിയാം.

വെള്ളച്ചാട്ടത്തിന്‌ താഴെയുള്ള വലിയ പാറക്കെട്ടുകൾക്ക് നേരെ അടുക്കുന്തോറും ഈർപ്പം നിറഞ്ഞ കാറ്റിന്റെ ഗതി ഏറിവരുന്നുണ്ടായിരുന്നു. ഉയരമുള്ള മരച്ചുവട്ടിനു കീഴെയിരുന്നു.

ഭക്ഷണം കഴിക്കുമ്പോൾ ഊർമ്മിള നോർമലായതായി തോന്നി. അവൾ സംസാരിക്കുവാനും വിളമ്പുന്നതിൽ സഹായിക്കാനും തുടങ്ങിയപ്പോൾ വിഷ്ണുവിൽ ആശ്വാസത്തിന്റെ നെടുവിർപ്പുയർന്നു.

”ആ വെള്ളം ഇങ്ങ് തരു..“

ഊർമ്മിള വെള്ളത്തിന്റെ കുപ്പി കയ്യിൽ പിടിച്ചിരിക്കുകയാണ്‌. വിഷ്ണുവിന്റെ പരുങ്ങൽ കണ്ട് ജോൺസൺ പൊട്ടിച്ചിരിച്ചു.

”ഇപ്പൊ തന്നെ ഇങ്ങനെ വലച്ചാൽ... ദൈവമേ.... ഒരു ആയുസ്സു മുഴുവൻ....“

”ഷട്ടപ്പ്..“

ഊർമ്മിള മുരണ്ടു.

”അത് കൊടുക്ക് ഊർമ്മിളേ“

ആർദ്ര ശാസിച്ചു.

”സാരമില്ല ആർദ്ര. ചില പിടിവാശികൾ നല്ലതാണ്‌. ഇപ്പോ എല്ലാവരും നല്ല മൂഡിലായി. ഞാൻ ഒരു ചോദ്യം ചോദിക്കാം. ഇത്തരം യാത്രകൾ കൊണ്ടുള്ള ഗുണങ്ങൾ പറയമോ?“

വിഷ്ണു ചോദിച്ചു.

”വേണമെങ്കിൽ ഒരു പ്രേമബന്ധം തുടങ്ങാം“

വിജയന്റെ കമന്റ് ചിരി ഉയർത്തി

”ബി സീരിയസ്“

”പല ഗുണങ്ങളുണ്ട് സർ“

”എന്നാൽ ഒരെണ്ണം പറയു“

”പരസ്പരം മനസിലാക്കാം“

”അത് ശരിയാണ്‌. വേറെ ഒരെണ്ണം“

”മനസ്സിന്റെ പിരിമുറുക്കം ഒന്നയക്കാം“

”ചേട്ടനെക്കൂടി വിളിക്കായിരുന്നില്ലെ?“

വിവാഹിതയായ ആർദ്രയോട് പകുതി തമാശയായും പകുതി കാര്യമായും വിജയൻ ചോദിച്ചു.

”വിളിക്കാർന്നു. പക്ഷെ ആള്‌ ഒരു പാട് അകലയല്ലെ“

ആർദ്രയുടെ മറുപടി പെട്ടെന്നായിരുന്നു.

”ഇപ്പൊ രണ്ട് കാര്യമായി. ഇനിയെന്തെങ്കിലും?“

”എന്ത് ഭംഗിയാ ഈ സ്ഥലത്തിനൊക്കെ“

ഊർമ്മിള വെള്ളത്തിന്റെ കുപ്പി നീട്ടിക്കൊണ്ട് പറഞ്ഞു

”ശരിയാണത്. കേരളത്തിന്റെ പ്രകൃതിഭംഗി നമുക്കിന്നും അന്യമാണ്‌“

നീന ഊർമ്മിളയെ പിന്താങ്ങി.

”അപ്പൊ ഇതുകൂടി ഒരു ഗുണമാണ്‌. ഇത്തരത്തിലുള്ള സ്ഥലങ്ങൾ കാണൂമ്പോൾ നമ്മുടെ മനസ്സുകൾ ആർദ്രമാകും. കൂടുതൽ ലോലവും സഹാനുഭൂതി നിറഞ്ഞതും ആയിത്തീരും. ഇത്തരം യാത്രകൾ എല്ലാവർക്കും അനിവാര്യമാണ്‌“

ഭക്ഷണത്തിനുശേഷം അജഗണം രണ്ടായി പിരിഞ്ഞു. ആട്ടിടയൻ വീണ്ടും ഒറ്റക്കായി. ഒഴുകുന്ന ജലത്തിന്റെ ശക്തിയും അനേകായിരം വർഷങ്ങളായി വലിയ മാറ്റമൊന്നും സംഭവിക്കാത്ത കറുത്ത പാറയുടെ ഉറപ്പും. പ്രകൃതിയുടെ മുമ്പിൽ മനസാ നമിച്ച് വിഷ്ണൂ മലർന്ന് കിടന്നു. പരുക്കനായ പാറയുടെ പൂപ്പൽ പിടിച്ച ധാർഷ്ട്യം വിഷ്ണുവിന്റെ പുറം നോവിച്ചതേയില്ല. മുകളിലത്തെ കുത്തൊഴുക്കും താഴത്തെ നിശ്ചലതയും വൈരുദ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണ്‌. ഇനിയങ്ങോട്ട് രാക്ഷീസയത പ്രകടിപ്പിക്കാതെ അരുവി പുഴയായി മാറി ഒഴുകുന്നു.

ഇതിന്‌ മുമ്പ് ഇവിടെ വന്നിട്ടുള്ളത് അജഗണത്തിലെ ഒരംഗമായാണ്‌. അന്ന് വെള്ളച്ചാട്ടത്തിന്റെ ഹൃദയം വിഷ്ണു കണ്ടിരുന്നു. അലറുന്ന വെള്ളത്തിന്റെ ശിവശക്തി വിഷ്ണു അനുഭവിച്ചിരുന്നു. ഉയർന്ന പാറക്കെട്ടുകളിൽ കയറി നൃത്തമാടിയ ഹുങ്ക് കണ്ട് മറ്റുള്ളവർ ഭയചകിതരായി. മഴവില്ലിന്‌ അർദ്ധവൃത്താകൃതി മാത്രമല്ല ഉള്ളതെന്ന് വിഷ്ണു അന്നറിഞ്ഞു. വൃത്താകൃതിയിലുള്ള മഴവില്ലിന്റെ മനോഹാരിത വാനിൽ നിറഞ്ഞു. ഒരായിരം മഴവില്ലുകൾ മനസ്സിൽ പൂമഴയായി പെയ്തു.

പക്ഷെ ഇന്ന്..... ആട്ടിടയനായതിൽ അയാൾ നൊമ്പരം കൊണ്ടു.

വീർപ്പുമുട്ടലൊഴിയാൻ അയാൾ എഴുന്നേറ്റിരുന്ന് ചുറ്റും നോക്കി. തന്നെ നോക്കിയിരിക്കുന്ന ആർദ്രയുടെ ജാള്യതയകറ്റാൻ അവളെ മാടിവിളിച്ചു

“ഒന്നിങ്ങ് വരാമോ”

അവളുടെ മുഖത്ത് ചോദ്യഭാവം വിരിഞ്ഞു.

“എന്താ സാർ..?”

അവൾ അരികിൽ വന്നിരുന്ന് ചോദിച്ചു

“ഊർമ്മിളയെങ്ങനെ?”

“ഇപ്പൊ കുഴപ്പം ഒന്നും ഇല്ല”

“അവളിപ്പോഴും സ്വപ്നലോകത്തിലാണ്‌. തനിക്ക് ഞങ്ങൾ ആണുങ്ങളുടെ സ്വഭാവം വിവാഹത്തിന്‌ ശേഷമെങ്കിലും മനസ്സിലായിട്ടുണ്ടാകും. നോക്ക്, ഞങ്ങൾക്കിഷ്ടം പരുഷമായ പച്ചയായ ലൈഗീകതകളാണ്‌. അല്ലാതെ പകൽക്കിനാവുകളല്ല. എന്നാൽ ഊർമ്മിള പ്രതീക്ഷിക്കുന്നത് സ്വപ്നലോകത്തിലെ രത്നഖനികളാണ്‌. മുഖത്തുനോക്കി ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന് പറഞ്ഞാൽ മതി അവൾ സന്തോഷവതിയാകാൻ. ഒരു കമ്മിറ്റ്മെന്റിനും എനിക്കിപ്പോൾ കഴിയില്ല. എന്റെ വിഷമതകൾ പറയാനും കഴിയില്ല“

”സാറിന്ന് വളരെ സെന്റിമെന്റലായതുപോലെ തോന്നുന്നു.“

”അതല്ല ആർദ്ര. സത്യം അതല്ല. ഞാൻ നിർവികാരനാണ്‌. സെന്റിമെന്റലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന് മനസ്സ് പറയുന്നു. ഒരു പക്ഷെ ഞാൻ ....“

”എനിക്ക് എന്നെ തന്നെ പിടികിട്ടാറില്ല സർ. പിന്നെ മറ്റുള്ളവരെ എങ്ങിനെ മനസ്സിലാക്കാൻ കഴിയും“

വാചകം മുഴുവിപ്പിക്കുന്നതിന്‌ മുമ്പെ ആർദ്ര പറഞ്ഞു.

”ആർദ്ര പോയ്ക്കോളു. മനസ്സിലുള്ളത് ആരോടെങ്കിലും തുറന്ന് പറയണ്ടെ എന്ന് കരുത് വിളിച്ചതാണ്‌.“

”ഞാനൊരു കാര്യം പറയട്ടെ?“

”പറയു.“

”ഇതെല്ലാം ഊർമ്മിളയെ വിളിച്ച് പറഞ്ഞിരുന്നുവെങ്കിൽ അവൾ എത്ര സന്തോഷവതിയാകുമായിരുന്നു“

”ശരിയാണത്. പലപ്പോഴും ഞാൻ അങ്ങിനെയാണ്‌. ശരി ചെയ്യാൻ മടിക്കുന്നു.“

”ഞാൻ പോട്ടെ?“

ആർദ്ര അനുവാദത്തിനായി കാത്തുനിന്നു.

”ഊർമ്മിളയുടെ പെരുമാറ്റം... ഞങ്ങളുടെ പ്രൈവസി....മറ്റ് കുട്ടികൾ...“

വാചകം പൂർത്തീകരിക്കാനാകാതെ വിഷ്ണു വിഷണ്ണനായി.

”സാരമില്ല സർ. ഞാൻ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊള്ളം“

വെള്ളച്ചാട്ടത്തിന്റെ ആരവം ഒരു ഭാരമായി വിഷ്ണുവിന്റെ ചെവിയിൽ വന്നിടിക്കാൻ തുടങ്ങി. പൗരുഷത്തിന്റെ ധാർഷ്ട്യം ഒരു വേദനയായി അയാളെ അലട്ടി. തണുത്തകാറ്റിൽ എഴുന്നുനില്ക്കുന്ന രോമങ്ങളെ അയാൽ വെറുപ്പോടെ നോക്കി. ഊറിയ കണ്ണീർ ഒഴുകാതെ അയാൾ ശ്രദ്ധിച്ചു. പാർക്കാൻ വന്ന ഒരു കിളികൂടി പറന്നു പൊയാതായി അയാൾ അറിഞ്ഞു. ഉയർന്ന കുന്നുകളിലെ വലിയ വൃക്ഷങ്ങളുടെ നിഴൽ നീളൂന്നതേയുള്ളു എന്നോർത്ത് ഒരിക്കൽക്കൂടി വിഷ്ണു മലർന്നു കിടന്ന് മയങ്ങി.

“സർ എണീക്കു. നേരം വളരെ വൈകിയിരിക്കുന്നു. നമുക്ക് തിരിച്ച് പോണ്ടെ?”

ഗീതയുടെ ഇടറിയ ശംബ്ദം വിഷ്ണുവിനെ ഉണർത്തി. കനത്ത മൗനത്തിൽ തളർന്ന കാലുകളോടെ എല്ലാവരും കുന്ന് കയറാൻ തുടങ്ങി. ഇതിനുവേണ്ടിയായിരുന്നുവോ ഇവിടേക്ക് വന്നതെന്ന് ചോദിക്കുന്നതാണ്‌ ഊർമ്മിയളയുടെ മുഖഭാവം എന്ന് വിഷ്ണുവിന്‌ തോന്നി.

കുന്ന് കയറുമ്പോൾ ഭ്രാന്തമായ ഒരാവേശം തന്നെ ബാധിക്കുന്നതായി വിഷ്ണുവിന്‌ തോന്നി.

“നിങ്ങളിവിടെ നിക്ക്. ഞാനൊന്ന് വെള്ളച്ചാട്ടത്തിന്റെ മുകളിൽ പോയി വരാം. എനിക്കൊന്ന് കുളിക്കണം.”

“ഞാനും വരാം സർ.”

ഊർമ്മിള അനുവാദത്തിനായി കാത്തു.

“വേണ്ട ഊർമ്മിള. ഇപ്പോൾത്തന്നെ താൻ ക്ഷീണിച്ചിരിക്കുന്നു. ഇനി ഇത് കൂടിയായാൽ തനിക്ക് താങ്ങാനവില്ല.”

അവളെ നിരാശപ്പെടുത്തിയതിൽ വിഷ്ണുവിന്‌ വേദന തോന്നി. പക്ഷെ ഈ വേദന അനിവാര്യമാണ്‌.

“എങ്കിൽ ഞാൻ വരാം സർ.”

ജോൺസൺ ആവേശത്തോടെ പറഞ്ഞു.

“പ്ലീസ് ജോൺസൺ. എനിക്കല്പം പ്രൈവസി...”

“എങ്കിലും ഒറ്റക്ക്..?

ആർദ്രയുടെ ഭയം അവൾ വെളിപ്പെടുത്തി.

”സർ പൊയ്ക്കോളു. ഞങ്ങിളിവിടെ നിക്കാം. വേഗം വരില്ലെ?“

വിജയൻ വിഷ്ണുവിന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ അനുവാദം കൊടുത്തു.

”കൂടിയാൽ ഒരര മണിക്കൂർ.“

വിഷ്ണു ഉറപ്പ് കൊടുത്തു.

”വേഗം വരണെ...“

വേഗത്തിൽ നടക്കുമ്പോൾ ഊർമ്മിള പിൻവിളി വിളിച്ചു.

താഴ്വാരം ശൂന്യമായിരുന്നു. വസ്ത്രങ്ങൾ അഴിച്ച് വെച്ച് വിഷ്ണു തണുത്ത വെള്ളത്തിൽ കുളിക്കാനിറങ്ങി. വൃക്ഷങ്ങളുടെ നിഴൽ നീളുന്നതും ഒഴുക്കിന്റെ ശക്തി കൂടുന്നതും അയാൾ അറിഞ്ഞില്ല.

*


(1985)

No comments:

Post a Comment