Sunday, November 6, 1988

അലയന്നുവർ അന്വേഷിക്കുന്നവർ

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഒരു ഒഴിവുദിനംകൂടി അവന്റെ മുന്നിൽ ചോദ്യങ്ങളുമായി എത്തി. നീ എന്തു അസംബന്ധങ്ങളാണ്‌ ഇന്ന് ചെയ്യാൻ പോകുന്നത്.

തലയിണ ചുമരിൽ ചാരി പത്രത്തിലെ തലക്കെട്ടുകളിൽ കണ്ണ്‌ ഓടിച്ചു. പതിവ് വാർത്തകളിൽ നിന്ന് ഒരു മോചനം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവസാന പേജും കഴിഞ്ഞപ്പോൾ അരിച്ചിറങ്ങുന്ന വെളിച്ചത്തെ മറയ്ക്കാൻ മുഖം പേപ്പർകൊണ്ട് മൂടി. പിന്നെ സാവാധാനം കണ്ണടച്ചു.

തുളസ്സിയുടെ പാദചലനം കരുണൻ അറിയുന്നുണ്ടായിരുന്നു.

“ഇന്ന് എന്ത് ഭ്രാന്താ തോന്നണെ എട്ടാ?”

മുഖത്തുനിന്ന് പേപ്പർ വലിച്ചുനീക്കി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ഗ്ലാസിലെ ചുടുചായയിലായിരുന്നു അവന്റെ കണ്ണ്‌.

“അടി കൊള്ളണ്ടങ്കി പോയ്ക്കോ നീ ഇവിടന്ന്.”

കഴിഞ്ഞ ഞായറാഴ്ച്ച അവൻ ഓർക്കാൻ ശ്രമിച്ചു. കാലത്ത് ഇറങ്ങി വടക്കോട്ട് ആദ്യം ബസ് കണ്ടതുകൊണ്ട് അതിൽ കയറി. ബസ്സ് യാത്ര ഒരു പുഴയോരത്ത് അവസീനിച്ചു. അത് അങ്ങിനെതന്നെ അവസാനിക്കുമെന്ന് അവനറിയാമായിരുന്നു.

ഇനി ചുട്ടുപഴുത്ത മണലിൽ കുറെ നടക്കുമെന്നും, തളർന്ന്, പുഴയോരത്തെ തണലിൽ കുറെ നേരം കിടക്കുമെന്നും ബസ്സിലിരുന്നുകൊണ്ട് ഉറപ്പിക്കും. തണുത്ത കാറ്റ് വീശുമ്പോൾ അവൻ തന്റെ വിശപ്പും ദാഹവും അറിയുന്നു.

തന്റെ സ്വഭാവത്തിന്റെ സവിശേഷതകളെ, വൈചിത്ര്യങ്ങളെ കരുണൻ എന്നും വിശകലനം ചെയ്യാൻ ശ്രമിക്കുമായിരുന്നു. തന്റെ വ്യ്ക്തിത്വത്തിന്റെ ദൗർബ്ബല്യങ്ങളും മനസ്സിന്റെ പ്രേരണകളും അവനറിയാമായിരുന്നു.

പുഴയോരത്തെ എല്ലാ വീടുകളിൽനിന്നും പഴയിലേക്കിറങ്ങാനുള്ള ചവിട്ടുപടികളുണ്ട്.ദാഹത്തിന്‌ വെള്ളം ചോദിച്ചു ചെല്ലുന്ന വീട് ഒരു പഴയ സഹപാഠിയുടേതൊ, പണ്ട് പഠിപ്പിച്ച വിദ്യാർത്ഥിയുടേതോ ആകുമെന്ന് അവൻ ആശിക്കുന്നു. തണുത്ത ജലം തരുന്നതോടൊപ്പം ഊണിനുള്ള ക്ഷണം ജിട്ടുമെന്ന പ്രതിക്ഷകുടി ആകുമ്പോൾ കരുണന്‌ കിറുക്കാണെന്ന് ആളുകൾ പറഞ്ഞുതുടങ്ങും.

ഉച്ചതിരിയുന്നതോടെ മണലിനും കാറ്റിനും ചൂടുപിടിക്കും. മാറാൻ വസ്ത്രങ്ങളില്ലെന്ന് ഓർക്കാതെ, ഓർമയുണ്ടെങ്കിലും, അവൻ പുഴയിലേക്കിറങ്ങും.

കരയിലുള്ള ഏതെങ്കിലും വീട്ടിലെ ഒരു പെൺകുട്ടി ഉച്ചയുറക്കം കഴിഞ്ഞ് മരചുവട്ടിൽ ഉലാത്തുന്നുണ്ടെന്നും അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനുതോന്നും. തന്റെ ചിന്തകൾ തെറ്റെന്ന് ബോദ്ധ്യപ്പെടാതിരിക്കാൻ അവൻ തിരിഞ്ഞു നോക്കുകയേയില്ല. ഇതിനിടയിൽ മൂളിപ്പാട്ടുകൾ പാടുകയും വളരെനേരം വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുകയും ചെയ്യും.
തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ മനസ്സിലെ ശന്തത അവനറിയുന്നു. അടുത്ത ദിവസങ്ങളിൽ അതശാന്തമാകുമെന്ന് അവനറിയാം. എന്നാലും അവനിപ്പോൾ സ്വസ്ഥതയുണ്ട്.
ചായകുടി കഴിഞ്ഞ് അവൻ ഒരിക്കൽ കൂടി പേപ്പർകൊണ്ട് തന്റെ മുഖം മറച്ചു. ഒരു നുള്ളു വെളിച്ചം പോലും കാണാതിരിക്കാൻ കണ്ണടച്ചു. അതിനുമുമ്പുള്ള ഞായറാഴ്ച്ച അവൻ ഓർക്കുകയായിരുന്നു.
മഴ തോർന്ന പ്രഭാതങ്ങൾ ഇല്ലാതായിരുന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ഉറക്കം മതിയാകാതെ പല്ലുപോലും തേക്കാതെ അനിയത്തി തന്ന ചായ കുടിച്ച് ഇരുണ്ട മാനം നോക്കി ഇറങ്ങി നടന്നു.

പാടത്തിന്റെ വർമ്പിലെത്തിയാൽ ആദ്യം ഓർക്കുക അമ്മാവനെ ആയിരിക്കും. ഏറെ നടക്കണം അമ്മാവൻ നടത്തിയിരുന്ന കൃഷിസ്ഥലത്തെത്താൻ. അമ്മാവൻ പോയതോടെ ആ സ്ഥലവും കരുണന്റെ കൈകൊണ്ട് വില്ക്കേണ്ടി വന്നു.

എന്തെങ്കിലും ഒന്ന് നട്ടു വളർത്തി കായ്ക്കാൻ കരുണൻ ഒന്നു ചെയ്തില്ല. പണ്ടായിരുന്നെങ്കിൽ ഒരാവേശത്തിന്റെ പിൻബലത്തിൽ എന്തെങ്കിലും ചെയ്തേനെ. ഇന്ന് സമസ്തവും കെട്ടടങ്ങിയിരിക്കുന്നു.

അവൻ ചിതക്ക് തീ കൊളുത്താൻ മാത്രം വിധിക്കപ്പെട്ടവനാണ്‌. വളരെ ചെറുപ്പത്തിൽ അച്ഛന്റെ, പിന്നീട് അമ്മാവന്റെ, ഇനീ....

കാലിൽ ചളിയില്ലാതെ, ദേഹം വിയർക്കാതെ കരുണൻ അമ്മാവനെ കണ്ടിട്ടില്ല. കൃഷിയിറക്കുന്നതിന്‌ മുമ്പുള്ള പരാധീനതകൾ, പിന്നെ നനച്ച് വളർത്തേണ്ട ബാദ്ധ്യതയും അതിന്റെ ചിന്തകളും. കൃഷി നന്നായ വർഷം ഉത്സവമാണ്‌. അപൂർവ്വമായേ അതുണ്ടാകാറുള്ളു. അങ്ങിനെ ഒരു അപൂർവ്വതയിലാണ്‌ കരുണന്‌ ഒരു അരഞ്ഞാണം കിട്ടിയതത്രെ!

ഉഴുതുമറിച്ച മണ്ണിന്റെ ഗന്ധം കാറ്റിൽ ഉണ്ടായിരുന്നു. അടുത്തെവിടയോ ഒരു വീട്ടിൽ നിന്നും കാലികളുടെ നീണ്ട കരച്ചിലും വന്നെത്തി. കുറച്ചകലെനിന്ന് ട്രാക്ടറിന്റെ ശബ്ദവും കൂടിയായപ്പോൾ എല്ലാം മുഴുവനായതുപോലെ തോന്നി.

അമ്മാവന്റെ നിലത്തിന്‌ ചുറ്റും അവൻ നടന്നു. അവസാനിപ്പിച്ചതെല്ലാം വീണ്ടും ആരംഭിക്കണമെന്ന് അവന്‌ തോന്നി. ഒന്നും ആഗ്രഹിക്കാതെ ഒന്നിനെയും കാത്തുനില്ക്കാതെ തുടങ്ങണം.

പൊലികൂട്ടിയ വളപ്പിലേക്ക് അവൻ കയറി. നിഴല്പാകിയ മണലിൽ നീണ്ടുനിവർന്ന് കിടന്നു. ട്രക്ടറിന്റെ അസുരശബ്ദം നാദസ്വരമായി. ഇനി സ്വപ്നങ്ങളുടെ വരവായി. സ്വപ്നങ്ങൾ കാണാനാണ്‌ അവൻ ഉറങ്ങുന്നത് തന്നെ പ്രേമിക്കുന്ന പെണ്ണോ നല്ല് ഒരു വീടോ അവന്റെ സ്വപ്നങ്ങളിൽ വന്നില്ല. അരുതെന്ന് കരുതുന്നവരുമായി അവൻ സ്വപ്നങ്ങളിൽ രമിച്ചു. ഇനി അവരെ കാണുമ്പോൾ തന്നെ മനസ്സിലിരുപ്പ് അവരറിഞ്ഞതായി അവനു തോന്നും. മുഖത്ത് നോക്കാതെ അവൻ മുഖം കുനിച്ച് നടക്കും.

ഇതിനിടയിൽ കരുണൻ ഉറങ്ങിപ്പോയി. സുര്യൻ ഉയർന്നതും ട്രാക്ടറിന്റെ സ്വരം നിന്നതും അവനറിഞ്ഞില്ല. തുളസിയുടെ പദചലനം പോലെ എന്തോ ഒന്ന് അവനെ ഉണർത്തി.

“കരുണനല്ലെ ഇത്. ഇതെന്താ ഇവിടെ കിടക്കുന്നത്.?”

മുട്ടിനുതാഴെ മണ്ണുനിറഞ്ഞ്, ദേഹമാസകലം ചളികൊണ്ട് പുള്ളികൾ വീണ്‌, ചിരിച്ചുനില്ക്കുന്ന ആ മുഖം നല്ല പരിചയം ഉണ്ട്.

“ആ തൊപ്പിയൊന്ന് എടുക്കാമോ?”

അയാൽ പൊട്ടിചിരിച്ചു. “നീ ആള്‌ കൊള്ളമല്ലോടാ.”

തൊപ്പീയെടുത്ത് അയാൾ തലമുടിയിഴകളിൽ വിരലുകളോടിച്ചു.

“മോഹനൻ അല്ലെ?”

“അപ്പോ പരിചയംണ്ട്”

“നിന്നെ മറക്കാൻ പറ്റ്വോ”

“ലോണെടുത്ത് ഒരു ട്രാക്ടർ വാങ്ങി. ഒരനിയൻ ഗൾഫിലാ. പെര പുതുക്കി പണിതു. ഇപ്പോ സുഖാണ്‌.“ മോഹനൻ ചോദിക്കാതെ തന്നെ പറയുകയായിരുന്നു. ”നീ എന്തു ചെയ്യുന്നു?“

”ഒന്നു ആയില്ല. വെറുതെ നടക്കുന്നു.“

കൂട്ടുകാർക്കിടയിൽ സംതൃപ്തി നിറഞ്ഞ ഒരു മുഖം തേടിതുടങ്ങിയിട്ട് നാളുകളേറെയായി.

”ഞാൻ ചോറ്‌ കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് പങ്കുവെയ്ക്കാം“

ഔപചാരികതയില്ലാതെ പൊതി തുറന്ന് അയാൾ ക്ഷണിച്ചു. മോഹനന്റെ മുഖത്ത് കരുണയോ സഹതാപമോ അവൻ കണ്ടില്ല. വാത്സല്യം നിറഞ്ഞ അമ്മാവന്റെ മുഖം അയാളിലേക്ക് വ്യാപിക്കുന്നതായി അവന്‌ തോന്നി. അയാൾ നട്ടുവളർത്തിയ പച്ചക്കറികൾ ഊണിൽ സമൃദ്ധമായി ഉണ്ടായിരിക്കുമെന്ന് കരുണനറിയാം ഒരു നിമിഷം അവനൊരു മൃഗമായി. അവന്റെ വായിൽ അവനറിയാതെ വെള്ളമൂറി. തികട്ടിവന്ന വെറുപ്പ് ദേഹമാസകലം ഇഴയുന്ന അട്ടയായി. ഗ്ലാസെടുക്കാൻ വന്ന അനിയത്തി ഒലിച്ചിറങ്ങിയ കണ്ണീര്‌ കണ്ടിട്ടുണ്ടാവില്ല. മുഖം മറച്ച പേപ്പർ അതിനെങ്കിലും കൊള്ളുമെന്ന് കരുണനറിയാം.

ഇന്ന് ഒഴിവ് ദിനമണ്‌. ഇനി എല്ലാ നാളെയും അങ്ങിനെയാണെന്ന് വെറുതെ അവൻ ഓർത്തു. ബോധപൂർവ്വം ചില പ്രവർത്തികളിൽ അവനേർപ്പെട്ടു. താടിയും മുടിയും കത്രികകൊണ്ട് ക്രമപ്പെടുത്തി പല്ലുതേച്ച് കുളിച്ചു. ഒന്നിനും ഒരു തിരക്കില്ലാത്തവനെപ്പോലെ വളരെനേരം കണ്ണാടിക്കു മുന്നിൽ ചിലവഴിച്ചു.

”നീ എപ്പഴ വരാ“

പ്രാതൽ കഴിച്ച് ഇറങ്ങുമ്പോൾ ക്ഷീണിച്ച അമ്മയുടെ സ്വരം അവൻ കേട്ടു. ദൈന്യം നിറഞ്ഞ ആ മുഖത്തേക്ക് നോക്കണമെന്ന് അവന്‌ തോന്നിയില്ല.

ദൂരെയുള്ള നഗരത്തിലേക്ക് പോകുന്ന ബസ്സിൽ കയറി യാത്ര അവസാനിക്കുന്നതു വരെയുള്ള ടിക്കറ്റെടുത്ത് സീറ്റിൽ ചാരിയിരുന്ന് നെടുവീർപ്പിട്ടു.

കരുണൻ ബോധപൂർവ്വം ചിന്തകൾ നെയ്തെടുക്കാൻ തുടങ്ങി. തന്നെത്തന്നെ വിശ്കലനം ചെയ്യാൻ തുടങ്ങിയപ്പോഴാണ്‌ കുഴപ്പങ്ങൾ തുടങ്ങിയത്. ചിന്തകളും ശരീരപ്രേരണകളും അനുസരിച്ചാൽ മതിയായിരുന്നു. ശരീരത്തിൽ നിന്നും മാറി സ്വന്തം നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ ഭ്രാന്ത് പിടിക്കുമെന്നായി. സ്വന്തം വിശകലനങ്ങൾ മതിയാകാതെ മറ്റുള്ളവരെ വിശകലനം ചെയ്ത് വിധിക്കാൻ തുടങ്ങിയപ്പോൾ മൃഗത്തിൽനിന്നും മനുഷ്യനിലേക്കുള്ള ദൂരം കുറഞ്ഞുതുടങ്ങി.

കൂവിവിളിച്ചാർത്ത് ആളെ കൂട്ടുന്ന മീൻ വില്പനക്കാരന്റെ മന:ശാസ്ത്രം കരുണന്‌ മനസ്സിലാകും. എന്നാൽ ആൾക്കൂട്ടത്തിന്റെ ചേഷ്ടകൾ സഹിക്കവയ്യെന്നായി.അപ്പോഴായിരിക്കണം മനസ്സും ദേഹവും അകലാൻ തുടങ്ങിയതെന്ന് അവന്‌ തോന്നി. ശരീരത്തെ വെറുക്കാൻ തുടങ്ങിയാൽ പിന്നെ രക്ഷയില്ലെന്ന് അവനറിയാം.

പ്രതീക്ഷകളും അനുഭവങ്ങളും പൊരുത്തപ്പെടാതായപ്പോൾ കരുണൻ പഴയകരുണനല്ലെന്ന് അമ്മയും അനിയത്തിയും പറഞ്ഞുതുടങ്ങി. വെറെ ആരു എന്ത് പറഞ്ഞാലും അവനൊന്നുമില്ല. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ ശാന്തത കൈവരിക്കാമെന്ന് കരുതി അവൻ പ്രേമിക്കാൻ തുടങ്ങി. ഇഷ്ടപ്പെട്ടവളുടെ ധാർഷ്ട്യ്ം സഹിക്കാൻ കരുണന്റെ അഹന്ത സമ്മതിക്കാറില്ല. അതാണ്‌ ഇതിനൊക്കെ ഇത്രയും വൈകിയതെന്ന് അവനറിയാം.

ഗീതയുടെ ചിന്തകളും തന്റേതും ഒന്നായിരിക്കുമെന്ന് അവനു തോന്നി. അതങ്ങിനെയാണോ എന്ന് അവളോടാവൻ ചോദിച്ചിട്ടില്ല. വ്യവസ്ഥകളില്ലാതെ സ്നേഹിക്കണമെന്ന് അവൾ ആവശ്യപ്പെട്ടപ്പോൾ മുതൽ അവനവളെ പ്രേമിക്കാൻ തുടങ്ങി.

അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്. കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് ഉറക്കത്തെ അകറ്റാൻ ശ്രമിച്ചുനോക്കി. രക്ഷയില്ലെന്നറിഞ്ഞ്, സ്വപ്നങ്ങളിൽ ഗീതയുണ്ടാകരുതെന്ന് പ്രാർത്ഥിച്ച്, അവൻ സാവധാനം കണ്ണുകളടച്ചു.

മദ്ധ്യാഹ്നമായി.

ചുടുകാറ്റേറ്റ് കണ്ണുതുറന്ന അവൻ താൻ നഗരത്തോട് അടുക്കകയാണെന്ന് മനസ്സിലാക്കി. ഇന്ന് നഗരത്തിലെ പാർക്ക് നേരത്തെ തുറക്കും.വയറുകാഞ്ഞ് അവിടെ ചെന്ന് കിടന്നാൽ വേഗം ഉറക്കം വരും. വൈകുന്നേരമാക്കാൻ എളുപ്പമാണ്‌.

പാർക്കിലെ ആളൊഴിഞ്ഞ കോണിൽ അവൻ ഉറങ്ങി. നഗരത്തിലെ പുറത്ത്, പഠിക്കുന്ന കാലത്ത് താൻ താമസിച്ച ഗ്രാമവും പരിസരവും അവൻ സ്വപ്നം കണ്ടു. ഒരു നിമിത്തം അവനെ അങ്ങോട്ട് യാത്രയാക്കി. ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിയപ്പോഴേക്കും നിറഞ്ഞ സന്ധ്യയായി. ക്ഷേത്രകുളത്തിൽ കാലും മുഖവും കഴുകി വന്നപ്പോഴേക്കും ദീപാരാധനക്ക് നടയടച്ചിരുന്നു. ആളൊഴിഞ്ഞ മതില്കകത്ത് ഒരു വൃദ്ധയും ഒരു പെൺക്കുട്ടിയും മാത്രം. എവിടെയോ വെച്ച് നഷ്ടപ്പെട്ട മുഖം അവന്‌ ഓർമ്മ വരുന്നില്ല. ഓർമ്മിക്കുന്നതുവരെ അവനവളെ പിന്തുടരാനുറച്ചു.

കരിങ്കൽ വിരിച്ച നടപ്പാതയിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. പാദസരത്തിന്റെയും നാദസ്വരത്തിന്റെയും രാഗം വേർതിരിച്ചെടുക്കാൻ അവൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

പ്രതീക്ഷിക്കാതെ ചിലരെ വഴിയിൽ കണ്ടുമുട്ടുന്നു. അശോകൻ മുന്നിൽ വന്ന് ചിരിച്ചുനില്ക്കുന്നു.

“കോളേജ് കഴിഞ്ഞേപ്പിന്നെ നമ്മള്‌ കണ്ടിട്ടില്ല. നിനക്ക് വലിയ മാറ്റം ഒന്നൂല്യ. ” അശോകൻ പറഞ്ഞുതുടങ്ങി.

ഒരു നിമിഷം വേണ്ടി വന്നു സ്ഥലകാലബോധം തിരിച്ചുകിട്ടാൻ. ഒരു നിമിഷം കരുണന്‌ സംസാരിക്കാൻ കഴിഞ്ഞില്ല. ഒന്നും സംസാരിക്കാതെ ഒപ്പം പ്രദിക്ഷണം വെയ്ക്കുമ്പോൾ ഇത് മൂന്നാമത്തേതെന്ന് മനസ്സിൽ കുറിച്ചിട്ടു. പിന്നെ അവൻ തുടങ്ങി.

“ഇവിടെ വരണമെന്ന് വിചാരിച്ചതല്ല. കാലത്ത് ഇറങ്ങിയതാണ്‌. ഇവിടേയും എത്തിയെന്ന് മാത്രം. കത്തെഴുതൽ എന്നോ നിർത്തിയല്ലോ. നീ ഇവിടെയാണെന്നുപോലും മറന്നുപോയി.”

“അതൊക്കെ അങ്ങിനെയാണ്‌. നമുക്ക് വേറെയെന്തെങ്കിലും പറയാം.”

“സാരിയുടുത്ത് മെല്ലിച്ച ഒരു പെൺകുട്ടി അങ്ങ്ട് പോണ കണ്ടോ. ഒരു വൃദ്ധയോടൊപ്പം. നല്ല മുഖ പരിചയം തോന്നി.

പിരിയുമ്പോൾ അവസാനിക്കാത്തത് കരുണൻ വീണ്ടും തുടങ്ങി.

”നീ ഒർക്കണില്യെ. നമ്മുടെ ജൂനിയറാ. എന്തേ ചോദിക്കാൻ?“

”ആ കുട്ടി ഒന്നിലേ എനിക്ക് വട്ടാണെന്ന് വിചാരിച്ചുകാണും. അല്ലെങ്കിൽ ഒരു വിടനാണെന്ന്. ഞാൻ വരുമ്പോ ഒരു പ്രദിക്ഷണം കഴിഞ്ഞിരുന്നു. ഞാൻ പിന്നാലെ കൂടി. തള്ളയോട് വർത്തമാനം പറയുന്നെണ്ടെങ്കിലും ശ്രദ്ധ എന്നിലാ. ഇടക്ക് ഞാൻ മറികടന്നുപോകാൻ പതുക്കെയായി നടത്തം. അപ്പൊ ഞാനും വിട്ടില്ല.“

”പാവം കുട്ടി. നീ സ്വപ്നത്തിൽ വിചാരിക്കാത്തത് ആ കുട്ടി വിചാരിച്ചു കാണും. ഇവിടെ പലപ്പോഴും അങ്ങിനെയാണ്‌. പെണ്ണ്‌ കാണല്‌ അമ്പലത്തില്‌ വെച്ചാ. ബ്രോക്കർമാരുടെ കളി. ഇപ്പൊ എനിക്കൊരു സംശയം. നിന്റെ ശരിക്കുള്ള ഉദ്ദേശം എന്താ?“

അശോകൻ കളിയാക്കുന്നു. സാരമില്ല. വിഷയം വഴിമുട്ടി നില്ക്കുകയില്ലല്ലോ.

”എനിക്ക് കിറുക്കാണെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞുതുടങ്ങി. ഇപ്പോ അനിത്തീം അമ്മയും. പക്ഷെ ഇതെന്റെ ബിസിനസ്സ് അല്ല. ദൂരെയുള്ള അമ്പലത്തിൽ വന്നത് ആരെയും കാണാനല്ല, പ്രേമിക്കാനുമല്ല. ഇവിടെ എന്റെ കാമുകി ഉണ്ടായിട്ടുമല്ല. അലയുന്നതിനിടയിൽ ഞാനറിയാതെ വൈകുന്നേരമായി. വെറുതെ വന്നു, വെറും കൈയ്യോടെ പോവേം ചെയ്യും.“

”ഞാൻ വെറുതെ ചോദിച്ചതാ. നാദസ്വരം കേൾക്കാനില്യെ. എതാ രാഗം ന്ന് അറിയോ?“

വിഷയം മാറ്റൽ അശോകന്റെ ആവശ്യമായി.

”നാദസ്വരത്തീന്ന് വരണതൊക്കെ എനിക്ക് ഷണ്മുഖപ്രിയാ. എന്നെക്കൊണ്ടെന്തിനാ ഓരോ മണ്ടത്തരങ്ങള്‌ പറയിക്കണെ.“

”ഒരിക്കല്‌ എനിക്കും അങ്ങനെയായിരുന്നു. വീണേന്ന് വരണതൊക്കെ ധന്യാസി. വയലിനീന്ന് വരണതൊക്കെ സാവേരി. ഇപ്പോ അതാ ഒരു ആശ്വാസം. അതു പോട്ടെ. നീ ഇപ്പൊ എന്തു ചെയ്യുന്നു.?“

”മുപ്പതിനായിരം ഡെപ്പോസിറ്റ് കൊടുത്ത് മുന്നൂറ്‌ രൂപക്ക് പണിയെടുക്കുകയായിരുന്നു. ഒരു ബ്ലേഡ് കമ്പനീല്‌ ഇപ്പൊ അത് പൊളിഞ്ഞു.“

”ഇനീപ്പോ.........“

”ഒന്നും ആലോചിക്കാറില്ല. നീയെന്ത് ചെയ്യുന്നു?“

ആരോടും ചോദിക്കാറില്ല. നാട്യങ്ങളില്ലാത്ത അശോകനോടെ ചോദിക്കാതെ വയ്യ.

”പഠിച്ചത് വില്ക്കുന്നു. പാരലൽ കോളേജിലാ. വീട്ടിലേക്ക് പോരുന്നോ. ഇന്നിവിടെ ആകാം.?"

“വേണ്ട അശോകൻ, ഇനിയൊരിക്കൽ ആകാം. അത് എന്നാണെന്ന് അറിയില്ല. അർദ്ധരാത്രിയായാലും അമ്മ കാത്തിരിക്കും.”

പുറത്തുള്ള ഇരുട്ടിൽ അശോകൻ ഇല്ലാതെയായി. കരുണൻ വീണ്ടു ഒറ്റക്കായി. ഇരുളിന്‌ കനം വെക്കുന്നത് അവനറിഞ്ഞു.


*
(എക്സ്പ്രസ് ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.)